താനൂർ: താനൂർ ബോട്ടപകടത്തിൽ അനുശോചനമറിയിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. മലപ്പുറത്തുണ്ടായ ബോട്ടപകടം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന് രാഷ്ടപതി ട്വിറ്ററിൽ കുറിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. അതിജീവിച്ചവർ എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചുവരട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, ഇന്നലെ അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചിരുന്നു.
അതേസമയം താനൂർ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. തിങ്കളാഴ്ച നടത്താനിരുന്ന സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി ചീഫ് സെക്രട്ടറി വി.പി.ജോയ് അറിയിച്ചു. താലൂക്ക് തല അദാലത്തുകളും മാറ്റിവച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഇന്ന് ദുരന്തസ്ഥലം സന്ദർശിക്കും.
പൂരപ്പുഴയിൽ സ്വകാര്യ ഉടമസ്ഥയിലുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടുടമ താനൂർ സ്വദേശി നാസർ ഒളിവിലാണ്. ഇയാൾക്കെതിരെ നരഹത്യ കുറ്റം ചുമത്തി കേസെടുത്തു. ബോട്ടിന് ഫിറ്റ്‌നസ് ലഭിച്ചതിൽ അടക്കം പരിശോധന നടക്കും. മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്ന് പോലീസ് അറിയിച്ചു. ഒരു മാസം മുൻപാണ് ഇവിടെ വിനോദസഞ്ചാരികൾക്കായി ബോട്ട് സർവീസ് തുടങ്ങിയത്. കരയിൽ നിന്ന് മൂന്നൂറ് മീറ്ററോളം ചെന്ന ശേഷമാണ് ബോട്ട് അപകടത്തിൽ പെടുന്നത്. ആദ്യം ഒന്ന് ചെരിഞ്ഞ ബോട്ട് പിന്നീട് തലകീഴായി മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
Discussion about this post