എറണാകുളം: താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ടിന്റെ ഉടമ നാസറിന്റെ വാഹനം പിടികൂടി. എറണാകുളത്ത് നിന്നാണ് നാസറിന്റെ വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തത്. വാഹനത്തിൽ ബന്ധുക്കളും ഉണ്ടായിരുന്നു.
അപകടത്തിന് പിന്നാലെ നാസർ ഒളിവിലാണ്. ഇയാൾക്കായി സംസ്ഥാന വ്യാപകമായി ശക്തമായ തിരച്ചിലാണ് നടത്തുന്നത്. ഇതിനിടെയാണ് എറണാകുളത്ത് നിന്നും വാഹനം പിടിച്ചെടുത്തത്. വാഹന പരിശോധനയ്ക്കിടെ പാലാരിവട്ടം പോലീസാണ് കാർ കസ്റ്റഡിയിൽ എടുത്തത്. നാല് ബന്ധുക്കളായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഇവരും വാഹനവും ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.
നിലവിൽ നാസറിനെതിരെ നരഹത്യയ്ക്കാണ് കേസ് എടുത്തിട്ടുള്ളത്. മീൻ പിടിക്കാനുപയോഗിക്കുന്ന വള്ളത്തിന് രൂപമാറ്റം വരുത്തി യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് നാസർ ബോട്ട് സർവ്വീസ് നടത്തിയിരുന്നത്. ഇയാൾക്കായി വീട്ടിലും ബന്ധു വീടുകളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ബന്ധുക്കൾ കസ്റ്റഡിയിലായ സാഹചര്യത്തിൽ നാസർ പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങുമെന്നാണ് കരുതുന്നത്.
Discussion about this post