മലപ്പുറം: ജലദുരന്തങ്ങളിൽ നിന്ന് പാഠം പഠിക്കാതെ കേരളം. 2007 ൽ തട്ടേക്കാട് ഉണ്ടായ അപകടത്തിലും 2009 ൽ തേക്കടിയിലും ഇന്നലെ താനൂരിലും ഉണ്ടായ അപകടങ്ങൾ സമാനരീതിയിൽ ആയിരുന്നു. അനിയന്ത്രിതമായി ആളെ കയറ്റിയതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണ് മൂന്ന് അപകടങ്ങൾക്കും വഴിവെച്ചത്.
തട്ടേക്കാട് ദുരന്തം
2007 ഫെബ്രുവരി 20 നാണ് തട്ടേക്കാട് ശിവരഞ്ജിനി എന്ന ബോട്ട് അപകടത്തിൽപെട്ടത്. അങ്കമാലി എളവൂർ സെന്റ് ആന്റണീസ് സ്‌കൂളിൽ നിന്നും വിനോദയാത്രയ്ക്ക് പോയ 15 കുട്ടികളും രണ്ട് അദ്ധ്യാപകരും ഒരു ജീവനക്കാരിക്കുമാണ് ജീവൻ നഷ്ടമായത്. ഫൈബർ ബോട്ടിന്റെ അടിഭാഗം ഇളകി വെളളം കയറിയതാണ് ദുരന്തത്തിന് കാരണമായത്. 37 പേരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്.
ജൂഡീഷ്യൽ കമ്മീഷൻ
തട്ടേക്കാട് ദുരന്തം അന്വേഷിച്ച ജസ്റ്റീസ് പരീത് പിളള കമ്മീഷൻ 86 നിർദ്ദേശങ്ങൾ അടക്കം 214 പേജുളള റിപ്പോർട്ടാണ് സർക്കാരിന് സമർപ്പിച്ചത്. ഉത്തരവാദപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടായ കുറ്റകരമായ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന് കമ്മീഷൻ കണ്ടെത്തിയിരുന്നു. കാലപ്പഴക്കം വന്ന ബോട്ടുകൾ സർവ്വീസ് നടത്തുന്നുണ്ടോയെന്ന് പരിശോധിക്കാൻ നിരീക്ഷണ സംവിധാനം വേണമെന്ന് അടക്കമുളള കാതലായ നിർദ്ദേശങ്ങളാണ് കമ്മീഷൻ സമർപ്പിച്ചത്. എന്നാൽ ഈ നിർദ്ദേശങ്ങളിൽ പകുതിയിലധികവും ഇന്നും ഫയലിൽ തന്നെ വിശ്രമിക്കുകയാണ്.
തട്ടേക്കാട് നിന്നും തേക്കടിയിലേക്ക്
2009 സെപ്തംബർ 30 ന് വൈകിട്ട് അഞ്ച് മണിയോടെയാണ് തേക്കടി തടാകത്തിലെ മണക്കവല ഭാഗത്ത് കെടിഡിസിയുടെ ജലകന്യകയെന്ന ബോട്ട് മുങ്ങിയത്. ഏഴ് കുട്ടികളും 23 സ്ത്രീകളും ഉൾപ്പെടെ 45 പേർക്ക് അന്ന് ജീവൻ നഷ്ടമായി. ഉൾക്കൊളളാവുന്നതിലധികം സഞ്ചാരികളെ കയറ്റിയതും ലൈഫ് ജാക്കറ്റുകൾ ഇല്ലാതിരുന്നതും ബോട്ടിന്റെ അശാസ്ത്രീയ നിർമാണവും അടക്കമുളളവയായിരുന്നു അന്ന് അപകട കാരണങ്ങളായത്. താനൂർ അപകടത്തിലേക്ക് നയിച്ചതും സമാനമായ കാരണങ്ങളാണ്.
അന്നും ബോട്ട് മറിഞ്ഞത് തലകീഴായി
അന്ന് ജലകന്യകയും മറിഞ്ഞത് തലകീഴായിട്ടാണ്. ആന്ധ്ര, ഹരിയാന, തമിഴ്‌നാട്, ഡൽഹി, കർണാടക തുടങ്ങിയ അന്യസംസ്ഥാനങ്ങളിൽ നിന്ന് തേക്കടിയിലെത്തിയ വിനോദസഞ്ചാരികളാണ് അപകടത്തിൽപെട്ടത്. നീന്തൽ വശമുണ്ടായിരുന്നവർ പോലും തലകീഴായി മറിഞ്ഞ ബോട്ടിന്റെ ഹളളിനുളളിൽ കുടുങ്ങുകയായിരുന്നു.
ടെൻഡർ മുതൽ നീറ്റിലിറക്കിയതിൽ വരെ ക്രമക്കേട് കണ്ടെത്തിയ ജുഡീഷ്യൽ കമ്മീഷൻ
റിട്ടയേർഡ് ജില്ലാ ജഡ്ജി മൈതീൻ കുഞ്ഞായിരുന്നു തേക്കടി ബോട്ട് ദുരന്തത്തിന്റെ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ. ബോട്ടിന്റെ ടെൻഡർ വിളിച്ചത് മുതൽ നീറ്റിലിറക്കിയത് വരെയുളള 22 വീഴ്ചകൾ ജുഡീഷ്യൽ കമ്മീഷൻ കണ്ടെത്തിയിരുന്നു. എന്നാൽ നിർദ്ദേശങ്ങളൊക്കെ അതുപോലെ തന്നെ ഇപ്പോഴും ഫയലുകളിൽ വിശ്രമിക്കുകയാണ്.
താനൂർ അപകടത്തിലും സമഗ്രമായ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. എന്നാൽ താനൂരിലേത്് വിൡച്ചുവരുത്തിയ ദുരന്തമാണെന്ന് നാട്ടുകാരും പൊതുജനങ്ങളും ഒരേ സ്വരത്തിൽ പറയുന്നു. അതുകൊണ്ടു തന്നെ ജുഡീഷ്യൽ കമ്മീഷന്റെ പ്രഖ്യാപനത്തേക്കാൾ ഇത്തരം വിനോദസഞ്ചാര ബോട്ടുകളിൽ നടത്തേണ്ട പരിശോധനകളിൽ വിട്ടുവീഴ്ച ചെയ്യുന്ന ഉദ്യോഗസ്ഥർക്കും കണ്ണടച്ച് സർവ്വീസുകൾക്ക് അനുമതി നൽകുന്ന ഉദ്യോഗസ്ഥർക്കുമെതിരെയാണ് സർക്കാർ നടപടി സ്വീകരിക്കേണ്ടതെന്ന അഭിപ്രായമാണ് ഉയരുന്നത്.
Discussion about this post