വയനാട് : വയനാട്ടിൽ വനവാസി യുവതിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതി പിടിയിൽ. തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പനവല്ലി സ്വദേശിയായ പ്രതി അജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഈ മാസം നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 30 കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. പീഡനത്തെ തുടർന്ന് ജനനേന്ദ്രിയത്തിൽ ഗുരുതരമായ പരിക്കേറ്റിരുന്നു. യുവതിയെ പ്രതിയും സുഹൃത്തും ചേർന്നാണ് മാനന്തവാടി മെഡിക്കൽ കോളേജിലെത്തിച്ചത്. ഇപ്പോൾ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
രാഷ്ട്രീയ പ്രവർത്തകർ ഇടപെട്ട് കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒരു മാസത്തിൽ വിവാഹം കഴിക്കാമെന്ന് യുവാവും പറഞ്ഞു. എന്നാൽ യുവതിയുടെ കുടുംബം ഇതിന് വഴങ്ങിയില്ല.
തുടർന്ന് യുവതിയുടെ പരാതിയിലാണ് തിരുനെല്ലി പോലീസ് കേസെടുത്തത്. കസ്റ്റഡിയിലെടുത്ത പ്രതിക്കെതിരെ ബലാത്സംഗത്തിനും എസ്സി, എസ്ടി വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തത്.
പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
അതേസമയം വിവരമറിഞ്ഞിട്ടും പോലീസ് കേസെടുക്കാൻ വൈകിയെന്ന പരാതികളും ഉയരുന്നുണ്ട്.
Discussion about this post