തിരുവനന്തപുരം : ഭാര്യയുടെ സ്‌കൂട്ടറിൽ ഭർത്താവ് മറ്റൊരു സ്ത്രീയോടൊപ്പം യാത്ര ചെയ്തത് എഐ ക്യാമറയിൽ പതിഞ്ഞതോടെ പൊല്ലാപ്പായി. ക്യാമറയിൽ പതിഞ്ഞ ചിത്രം മോട്ടോർ വാഹന വകുപ്പിൽ നിന്ന് ഭാര്യയുടെ ഫോണിലേക്ക് വന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. വാഹനത്തിന്റെ യഥാർത്ഥ ഉടമ യുവതിയായിരുന്നു. കരമന പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
സംഭവത്തെ തുടർന്ന് ഭർത്താവ് തന്നെ മർദ്ദിച്ചുവെന്ന് ആരോപിച്ച് യുവതി പോലീസ് സ്‌റ്റേഷനിൽ എത്തുകയായിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
യുവാവും യുവതിയും സ്‌കൂട്ടറിൽ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തതാണ് എല്ലാത്തിനും തുടക്കമിട്ടത്. ചിത്രം ക്യാമറയിൽ പതിഞ്ഞതോടെ, പിഴയും ചിത്രവുമുൾപ്പെടെ ആർസി ഓണറായ ഭാര്യയുടെ ഫോണിലേക്ക് വന്നു. സ്‌കൂട്ടറിന് പിന്നിലിരിക്കുന്ന സ്ത്രീ ആരാണെന്ന് ചോദിച്ച് ഭാര്യ വഴക്കുണ്ടാക്കുകയായിരുന്നു.
താൻ വഴിയിൽ നിന്ന് ലിഫ്റ്റ് നൽകിയതാണെന്ന് പറഞ്ഞെങ്കിലും ഭാര്യ അത് വിശ്വസിച്ചില്ല. തുടർന്ന് തർക്കത്തിനിടെ തന്നെയും കുഞ്ഞിനെയും മർദ്ദിച്ചുവെന്ന് ആരോപിച്ച് യുവതി പരാതി നൽകി. ഇടുക്കി സ്വദേശിയായ യുവാവിനെ കോടതിയിൽ ഹാജരാക്കി.
Discussion about this post