തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. അടുത്ത മണിക്കൂറുകളിൽ ബംഗാൾ ഉൾക്കടലിൽ മോക്ക ചുഴലിക്കാറ്റ് രൂപം പ്രാപിക്കും. ഇന്നും നാളെയുമായി കൂടുതൽ മഴ കിട്ടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ ഈ സീസണിലെ ആദ്യ ചുഴലിക്കാറ്റാണ് മോക്ക. നിലവിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. എന്നാൽ പരക്കെയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അറബിക്കടലിൽ നിന്നുള്ള കൂടുതൽ മഴമേഘങ്ങൾ കേരളത്തിന്റെ അന്തരീക്ഷത്തിലേക്ക് എത്താൻ മോക്ക ചുഴലിക്കാറ്റ് കാരണമാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. മലയോരമേഖലകളിലടക്കം അപ്രതീക്ഷിത മഴയാണ് പ്രവചിക്കപ്പെടുന്നത്. വളരെ കുറഞ്ഞ സമയത്തിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യത മുന്നിൽ കാണണമെന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു.
ബംഗാൾ ഉൾക്കടലിൽ നിൽക്കുന്ന തീവ്രന്യൂനമർദ്ദം ഇപ്പോൾ കൂടുതൽ കരുത്താർജ്ജിച്ച് കൊണ്ടിരിക്കുകയാണ്. ഇന്ന് വൈകിട്ടോട് കൂടി ഇത് മോക്ക ചുഴലിക്കാറ്റായി രൂപം പ്രാപിക്കും. പിന്നീട് വടക്ക് പടിഞ്ഞാറ് ദിശയിലായിരിക്കും ഇതിന്റെ സഞ്ചാരം. അതിന് ശേഷം മറ്റന്നാളോട് കൂടി ബംഗ്ലാദേശ് മ്യാന്മർ ഭാഗത്തെത്തി കരയിൽ പ്രവേശിക്കും. കരയിൽ പ്രവേശിക്കുന്നതോടെ ചുഴലിക്കാറ്റ് ദുർബലമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
130 മുതൽ 160 കിലോമീറ്റർ വരെ വേഗതയാണ് മോക്ക ചുഴലിക്കാറ്റിന് പ്രതീക്ഷിക്കുന്നത്. കേരളത്തെ മോക്ക നേരിട്ട് ബാധിക്കില്ലെങ്കിലും, പ്രതിഫലനമായി കേരളത്തിൽ മഴ ശക്തി പ്രാപിക്കുമെന്നും വിദഗ്ധർ പറയുന്നു. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ലെങ്കിലും, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകരുത് എന്നും നിർദ്ദേശമുണ്ട്.
Discussion about this post