തിരുവനന്തപുരം: പോത്തൻകോട് ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ മാങ്ങ തട്ടിയ പ്രതിയ്ക്കായ് ഊർജ്ജിത അന്വേഷണം തുടർന്ന് പോലീസ്. കടയുടമയിൽ നിന്നും ലഭിച്ച സൂചനകളാണ് നിലവിൽ പോലീസ് അന്വേഷണത്തെ മുന്നോട്ട് നയിക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു കരൂരിലെ എംഎസ് സ്‌റ്റോഴ്‌സിൽ നിന്നും ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ പോലീസുകാരൻ മാങ്ങ തട്ടിയത്.
കാക്കി പാന്റ്‌സും ഹെൽമറ്റും ധരിച്ച് മീശയുളള ആളാണ് കടയിൽ എത്തിയത് എന്നാണ് കടയുമടമ ജി. മുരളീധരൻ പറയുന്നത്. ബൈക്കിലെത്തിയ ഇയാൾ അഞ്ച് കിലോ മാങ്ങ വാങ്ങി. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർക്കും, പാത്തൻകോട് സിഐയ്ക്കും എന്ന പേരിലാണ് രണ്ടര കിലോ വീതം മാങ്ങ വാങ്ങിയത്. പിന്നീട് ഗൂഗിൾ പേ വഴി പണം അയക്കുമെന്ന് പറയുകയും ചെയ്തിരുന്നുവെന്നും മുരളീധരൻ പറയുന്നു.
അതേസമയം എത്തിയത് പോലീസുകാരൻ അല്ലെന്നാണ് അന്വേഷണ നിഗമനം. സ്‌റ്റേഷന്റെ പേരുകൾ പറഞ്ഞതിലുള്ള വൈരുദ്ധ്യമാണ് ഇതിന് കാരണമായി അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നത്. തിരുവനന്തപുരം റൂറൽ ഡിസ്ട്രിക്റ്റിൽ നെടുമങ്ങാട് ഡിവൈഎസ്പിയുടെ കീഴിലുള്ള സ്റ്റേഷനാണ് പോത്തൻകോട്. എന്നാൽ തിരുവനന്തപുരം സിറ്റിയിലാണ് കഴക്കൂട്ടം. പോലീസുകാരനാണ് എത്തിയത് എങ്കിൽ രണ്ട് സ്‌റ്റേഷന്റെ പേര് പറയാൻ സാദ്ധ്യതയില്ലെന്നാണ് പോലീസിന്റെ വിലയിരുത്തൽ. പോത്തൻകോട് സിഐ ഡി മിഥുനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിലവിൽ അന്വേഷണം നടത്തുന്നത്. ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് മേലുദ്യോഗസ്ഥന് അദ്ദേഹം കൈമാറിയിട്ടുണ്ട്.
അടുത്തിടെ കാഞ്ഞിരപ്പള്ളിയിൽ വിലകൂടിയ മാമ്പഴം പോലീസുകാരൻ മോഷ്ടിച്ചത് സേനയ്ക്ക് വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിന് അഭിമാനപ്രശ്‌നമായി മറ്റൊരു മാങ്ങ തട്ടിപ്പ് കേസുകൂടി ഉണ്ടാകുന്നത്.
Discussion about this post