തിരുവനന്തപുരം: വൈദ്യപരിശോധനയ്ക്കായി എത്തിയ പ്രതിയുടെ കുത്തേറ്റ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ ശക്തമായ നിയമം കൊണ്ടുവരുമെന്ന് വീണാ ജോർജ് പറഞ്ഞു. സംഭവത്തിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു മന്ത്രിയുടെ പ്രതികരണം.
അതി ദാരുണമായ സംഭവമാണ് ഉണ്ടായത്. ഡോക്ടർ വന്ദന ദാസിന്റെ മരണത്തിന് പിന്നാലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു. സംഭവം നിർഭാഗ്യകരമാണ്. സംഭവം അതിയായ ദു;ഖമുളവാക്കുന്നത് ആണെന്നും മന്ത്രി പറഞ്ഞു.
ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമം ഡോക്ടർമാർ നടത്തിയിരുന്നു. എന്നാൽ അതിന് കഴിഞ്ഞില്ല. സംഭവത്തിൽ ഒരു പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. കർശന സുരക്ഷയിൽ രാവിലെ അഞ്ച് മണിയോടെയായിരുന്നു പ്രതിയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത്. പോലീസ് എയ്ഡ് പോസ്റ്റ് ഉള്ള സ്ഥലത്ത് ആയിരുന്നു ആക്രമണമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.
ആരോഗ്യപ്രവർത്തകർക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന അക്രമ സംഭവങ്ങൾ അവരുടെ മനോവീര്യം തകർക്കും. അതുകൊണ്ടുതന്നെ ഇത് വച്ച് പൊറുപ്പിക്കാനാവില്ല. ആരോഗ്യപ്രവർത്തകരെ ആക്രമിക്കരുതെന്നാണ് പൊതുജനങ്ങളോട് അഭ്യർത്ഥിക്കാനുള്ളത്. ആരോഗ്യപ്രവർത്തകർക്ക് നേരെ അതിക്രമങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ ശക്തമായ നിയമം നടപ്പിലാക്കുമെന്നും ഓർഡിനൻസ് ഉടൻ കൊണ്ടുവരുമെന്നും വീണാ ജോർജ് അറിയിച്ചു.
Discussion about this post