കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് നേരെയുണ്ടായ ആക്രമണത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന വിലയിരുത്തലുമായി പോലീസ്. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ എഫ്‌ഐആറിൽ മാറ്റം വരുത്തിയേക്കും. ഇന്നലെയാണ് യുവ ഡോക്ടർ വന്ദന ദാസ് ആശുപത്രിയിൽ കുത്തേറ്റ് മരിച്ചത്.
വന്ദനയെ ആക്രമിച്ച പ്രതി സന്ദീപ് കേസിലെ പ്രതിയായിരുന്നില്ലെന്നും, പരാതിക്കാരനായ ഇയാളെ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയാണ് ചെയ്തതെന്നുമാണ് പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നത്. യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു സന്ദീപിന്റെ ആക്രമണം. ഇത് ചെറുക്കാൻ പോലീസുകാർ ശ്രമിച്ചിരുന്നു. ഇതിൽ അവർക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഇത് പോലീസ് ഇന്ന് കോടതിയിൽ സമർപ്പിക്കും. ഇന്ന് രാവിലെ 10 മണിയ്ക്ക് ഹൈക്കോടതി വിഷയത്തിൽ പ്രത്യേക സിറ്റിംഗ് നടത്തും. അപ്പോൾ സമർപ്പിക്കാനാണ് തീരുമാനം.
ഇന്നലെ വിഷയത്തിൽ ഇടപെട്ട ഹൈക്കോടതി പോലീസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. പോലീസിന് സംഭവിച്ച വീഴ്ചയായിരുന്നു ദാരുണ സംഭവത്തിലേക്ക് നയിച്ചത് എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സംഭവം ഖേദകരമാണെന്ന് പറഞ്ഞ കോടതി പോലീസിന്റെ കയ്യിൽ തോക്ക് ഉണ്ടായിരുന്നില്ലെയെന്നും ചോദിച്ചിരുന്നു. ഇത് പോലീസിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് പോലീസിന് വീഴ്ചയില്ലെന്ന് വ്യക്തമാക്കിയുള്ള വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നത്.
അതേസമയം ഡ്യൂട്ടി ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആറിൽ മാറ്റം വരുത്താനാണ് പോലീസിന്റെ തീരുമാനം. ഡോ. മുഹമ്മദ് ഷിബിൻ ആയിരുന്നു ഡ്യൂട്ടി ഡോക്ടർ. കേസിൽ ദൃക്‌സാക്ഷികളായ കൂടുതൽ പേരുടെ മൊഴി പോലീസ് പോലീസ് രേഖപ്പെടുത്തി.
Discussion about this post