കൊച്ചി: ആന്റണി വർഗീസ് 10 ലക്ഷം വാങ്ങി സിനിമയിൽ നിന്നും പിന്മാറി ആ തുക കൊണ്ട് സഹോദരിയുടെ കല്യാണം നടത്തി എന്ന സംവിധായകൻ ജൂഡിന്റെ ആരോപണത്തിൽ പ്രതികരണവുമായി നിർമ്മാതാക്കൾ. പെങ്ങളുടെ കല്യാണത്തിന് വേണ്ടി എന്ന് പറഞ്ഞ് തന്നെയാണ് ആന്റണി അഡ്വാൻസ് വാങ്ങിയത് എന്ന് ചിത്രത്തിൻറെ നിർമ്മാതാവ് ആയിരുന്ന അരവിന്ദ് കുറുപ്പും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രവീൺ എം കുമാറും പറഞ്ഞു.
ആന്റണിയുടെ പേര് നിർദ്ദേശിച്ചത് ജൂഡ് ആയിരുന്നു.സിനിമ ചെയ്യാമെന്ന് ഉറപ്പ് പറഞ്ഞ ആൻറണിയുടെ വാക്ക് വിശ്വസിച്ച് മറ്റെല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയിരുന്നുവെന്നും ഇത് ഭാരിച്ച സാമ്പത്തികച്ചെലവാണ് വരുത്തിവച്ചതെന്നും അവർ പറയുന്നു. അഡ്വാൻസ് വാങ്ങിയ 10 ലക്ഷം തിരിച്ചുതന്നാൽ തീരുന്നതല്ല ഇതുമൂലം തങ്ങൾ നേരിട്ട സാമ്പത്തിക പ്രതിസന്ധികളെന്നും നിർമ്മാതാക്കൾ കുറ്റപ്പെടുത്തി. തങ്ങൾക്കുവേണ്ടി ജൂഡ് ആന്തണി ജോസഫ് ഒരു ബലിയാട് ആവുന്നതായി തോന്നിയെന്നും നിർമ്മാതാക്കൾ ചൂണ്ടിക്കാട്ടി.
കഥപറഞ്ഞപ്പോൾ ആന്റണി വർഗീസ് സന്തോഷവാനായിരുന്നു. രണ്ട് ലക്ഷം രൂപ അഡ്വാൻസ് കൊടുക്കാമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. നടനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് പ്രൊഡക്ഷൻ കൺട്രോളർ അദ്ദേഹത്തെ കാണുന്നത്. പുള്ളിക്ക് ഒരു ആവശ്യമുണ്ട്, അതിനാൽ 10 ലക്ഷം രൂപ അഡ്വാൻസ് വേണമെന്ന് പ്രൊഡക്ഷൻ കൺട്രോളർ പറഞ്ഞു. അതുകൊണ്ടാണ് 10 ലക്ഷം രൂപ കൊടുക്കാൻ തീരുമാനിച്ചത്. 27 ജൂൺ 2019ൽ ആണ് അഡ്വാൻസ് കൊടുക്കുന്നതെന്ന് നിർമ്മാതാക്കൾ വിശദീകരിച്ചു.
ഡിസംബർ ആദ്യ വാരം തന്നെ കാസ്റ്റിംഗ് വീഡിയോ ഷൂട്ട് ചെയ്യുന്നത്. ജനുവരി 10 ന് സിനിമ ആരംഭിക്കാമെന്ന് പറഞ്ഞു. അജഗജാന്തരത്തിന്റെ ഷൂട്ട് കുറച്ച് ഭാഗങ്ങൾ ബാക്കിയുണ്ട് അത് കഴിഞ്ഞ് ചെയ്യാമെന്ന് നടൻ ഉറപ്പ് നൽകി.
ഷൂട്ടിംഗ് ആരംഭിക്കുംമുൻപ് ചെയ്തു തീർക്കേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു, ജനുവരി 10 എന്ന തീയതി കണക്ക് കൂട്ടി ലൊക്കേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ. കുറച്ച് ട്രെയിൻ സീക്വൻസുകൾ ഉണ്ടായിരുന്നു. കർണാടകയിലെ ചാമരാജ് നഗറിലെ റെയിൽവേ സ്റ്റേഷനും ട്രെയിനും വാടകയ്ക്ക് എടുക്കണമായിരുന്നു. അത് സംബന്ധിച്ച നടപടികളെല്ലാം പൂർത്തിയാക്കി. വാരണാസിയിലായിരുന്നു ക്ലൈമാക്‌സ്. അവിടെ താമസം, ഭക്ഷണം എല്ലാം ഏർപ്പെടുത്തി. എല്ലാ സാങ്കേതിക പ്രവർത്തകർക്കുമുള്ള അഡ്വാൻസും നൽകി. അങ്കമാലിയും ലൊക്കേഷൻ ആയിരുന്നു. മുൻസിപ്പാലിറ്റിയിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങി. ഇതിനിടെ നടനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഡിസംബർ 23 ന് ജൂഡ് വിളിച്ചപ്പോഴാണ് സിനിമ ചെയ്യാൻ താത്പര്യമില്ലെന്ന് പറയുന്നത്. ഡിസംബർ 29 ന് നടനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സിനിമ ചെയ്യുന്നില്ലെന്ന് ഉറപ്പായതോടെയാണ് അഡ്വാൻസ് തിരികെ ചോദിച്ചത്. ഇതിനൊപ്പം ചെലവായതിന്റെ അഞ്ച് ശതമാനവും ചോദിച്ചിരുന്നു. കൺട്രോളർ മുഖേനയാണ് ബന്ധപ്പെട്ടത്. കൈ കൊടുത്ത് പിരിഞ്ഞുവെന്നാണ് ആന്റണി പറഞ്ഞത്, അങ്ങനെ സംഭവിച്ചിട്ടില്ല. ചെലവായ പൈസ തരില്ലെന്ന് അറിയിക്കുകയും ഞങ്ങൾ അത് സമ്മതിക്കുകയും ചെയ്തു. ആറ് മാസം കഴിഞ്ഞ് 2020 ജനുവരി 27-ന് ആന്റണി 10 ലക്ഷം തിരികെ തന്നുവെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി.
അദ്ദേഹത്തിൻറെ കുടുംബം ഇതിലേക്ക് വലിച്ചിഴക്കപ്പെട്ടത് ദൗർഭാ?ഗ്യകരമാണ്. പക്ഷേ കുടുംബം എന്ന് പറയുന്നത് ഈ ടീമിലെ ഒരാൾക്ക് മാത്രമല്ല ഉള്ളത്. മുറി ക്ലീൻ ചെയ്യാൻ വരുന്ന ആൾക്കും കുടുംബമുണ്ട്. നിർമ്മാതാക്കൾ കാശ് പ്രിൻററിൽ അടിച്ചുവച്ചല്ല സിനിമ തുടങ്ങുന്നത്. പലരിൽ നിന്നും പൈസ മേടിച്ചുകൊണ്ടാണ്. അവരോടൊക്കെ ഉത്തരം പറയേണ്ട ഗതികേടാണ് വന്നത്. ആ സിനിമ അവിടെ നിന്നു. 3 വർഷത്തിനിപ്പുറവും ഞങ്ങൾ അത് ഉണ്ടാക്കിയ നഷ്ടത്തിൽ നിന്ന് കര കയറിയിട്ടില്ല. പൈസ എല്ലാവർക്കും ആവശ്യമുണ്ട്. വിവാഹം വരെയൊന്നും പോകണ്ട, കുട്ടികളുടെ എൽകെജി അഡ്മിഷനുവരെ പണം വേണം. ആൻറണി അനുഭവിച്ച കാര്യം മാത്രമാണ് ആൻറണി പറഞ്ഞത്. കുറച്ച് ഇരുന്ന് ആലോചിച്ചാൽ ആൻറണി ഇങ്ങനെ പറയുമായിരുന്നില്ല
ഈ സിനിമയുടെ പ്രൊഡക്ഷൻറെ ഭാഗമായി നാല് മാസം ആലുവയിൽ ഫ്‌ളാറ്റ് എടുത്ത് താമസിക്കുകയായിരുന്നു. പ്രോജക്റ്റ് നടക്കില്ലെന്ന് ഉറപ്പായ ഡിസംബർ 31 ന് ആ ഫ്‌ളാറ്റിൽ പൊട്ടിക്കരയുകയായിരുന്നു അവരിൽ പലരുമെന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.
Discussion about this post