പാലക്കാട്: കോങ്ങാട് എംഎൽഎ കെ.ശാന്തകുമാരി അപമര്യാദയായി പെരുമാറിയെന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ പരാതി. കാഷ്വാലിറ്റിയിൽ ഭർത്താവിനേയും കൊണ്ട് പനിക്ക് ചികിത്സ തേടിയെത്തിയ എംഎൽഎ മോശമായി പെരുമാറിയെന്നാണ് പരാതി. കൈ കൊണ്ട് തൊട്ടു നോക്കി മരുന്ന് കുറിച്ച ഡോക്ടറോട് എന്ത് കൊണ്ട് തെർമോമീറ്റർ ഉപയോഗിച്ചില്ലെന്ന് ചോദിച്ച് എംഎൽഎ കയർത്തു. നിങ്ങളുടെ സ്വഭാവം കൊണ്ടാണ് ഇങ്ങനെയൊക്കെ കിട്ടുന്നതെന്നും എംഎൽഎ ആക്ഷേപിച്ചതായി ഡോക്ടർമാർ പരാതിപ്പെടുന്നു.
”ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ എംഎൽഎ തട്ടിക്കയറിയാണ് സംസാരിച്ചത്. പെട്ടന്ന് കയറി വന്നപ്പോൾ ഡ്യൂട്ടിയിലുള്ള ഡോക്ടർ തൊട്ടുനോക്കുകയും നല്ല ചൂട് ഉണ്ടെന്നും, ഇൻജക്ഷൻ എടുക്കാമെന്ന് പറയുകയും ചെയ്തു. കാഷ്വാലിറ്റിയിൽ വന്നതിൽ ഏറ്റവും പ്രയോരിറ്റി കുറഞ്ഞ രോഗിയായിരുന്നു അവരുടെ ഭർത്താവ്. എന്നിട്ടും ഏറ്റവും വേഗത്തിൽ തന്നെ എല്ലാകാര്യങ്ങളും ചെയ്തു. എന്നാൽ എംഎൽഎ തുടർച്ചയായി അധിക്ഷേപിക്കുകയായിരുന്നു. നിങ്ങളുടെ സ്വഭാവം കൊണ്ടാണ് ഇങ്ങനെ കിട്ടുന്നത് എന്ന് പറഞ്ഞ് അധിക്ഷേപിക്കുകയായിരുന്നുവെന്നും” ഡോക്ടർമാർ പറഞ്ഞു.
എന്നാൽ തനിക്കെതിരായ ആരോപണങ്ങളെല്ലാം എംഎൽഎ നിഷേധിച്ചു. അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് കെ.ശാന്തകുമാരി പറഞ്ഞു. മര്യാദയ്ക്ക് പെരുമാറണം എന്ന് മാത്രമാണ് പറഞ്ഞത്. പ്രത്യേക പരിഗണന ആവശ്യപ്പെട്ടിട്ടില്ല. വന്ദനയുടെ മരണവുമായി ബന്ധപ്പെട്ട് യാതൊരു വിധ പരാമർശങ്ങളും നടത്തിയിട്ടില്ലെന്നും എംഎൽഎ പറഞ്ഞു.
Discussion about this post