കൊട്ടാരക്കര: ജൂനിയർ ഡോക്ടർമാരെ രാവും പകലും ഇല്ലാതെ മണിക്കൂറുകളോളം തുടർച്ചയായി ഡ്യൂട്ടിയെടുപ്പിക്കുന്ന പ്രവണത ഡോ. വന്ദന ദാസിന്റെ മരണത്തോടെ ചോദ്യം ചെയ്യപ്പെടുന്നു. വന്ദനയുടെ സഹപ്രവർത്തകരായിരുന്ന ജൂനിയർ ഡോക്ടർമാരാണ് ഇക്കാര്യം പൊതുസമൂഹത്തിന്റെ മുൻപിലേക്ക് അവതരിപ്പിച്ചത്.
ഹൗസ് സർജൻസി ആരംഭിച്ച് ഒരു വർഷത്തിനിടെ വന്ദന വീട്ടിൽ പോയത് ഈ വിഷുവിനാണ്. പിന്നെ പോയത് അവളുടെ കണ്ണടഞ്ഞ ശേഷവും. എന്തുകൊണ്ടാണ് ഇങ്ങനെ ചൂഷണം ചെയ്യപ്പെടുന്നതെന്ന് ഡോക്ടർമാർ ചോദിച്ചു.
സിആർആർഐ എന്ന രീതിക്കെതിരെയാണ് പ്രതികരിക്കേണ്ടതെന്ന് ജൂനിയർ ഡോക്ടർമാർ പറയുന്നു. കണ്ടിന്യൂവസ് റൊട്ടേഷണൽ റെസിഡൻഷ്യൽ ഇന്റേൺഷിപ്പ് അതനുസരിച്ച് 24 ഉം 48 ഉം വേണമെങ്കിൽ 72 മണിക്കൂറും ജൂനിയർ ഡോക്ടർമാരെക്കൊണ്ട് പണിയെടുപ്പിക്കാം. അതാണ് കേരളത്തിൽ എല്ലായിടത്തും സംഭവിക്കുന്നതെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി.
അഞ്ചര വർഷത്തെ വന്ദനയുടെ കഷ്ടപ്പാടാണ് ഒരു കത്തിക്കുത്തിൽ തീർന്നത്. നാളെ മറ്റൊരു വന്ദനയുണ്ടാകും. ഇത് ശീലമായിക്കൊണ്ടിരിക്കുകയാണ് നിരന്തരമെന്നും ജൂനിയർ ഡോക്ടർമാർ പറഞ്ഞു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ആയിരുന്ന ഡോ. വന്ദന ദാസ് ലഹരിക്ക് അടിമയായ ഒരാളെ ചികിത്സിക്കുന്നതിനിടെയാണ് കുത്തേറ്റ് മരിച്ചത്. പോലീസ് പുലർച്ചെ എത്തിച്ച സന്ദീപ് എന്നയാളുടെ മുറിവുകൾ ഡ്രസ് ചെയ്യാൻ മാറ്റുന്നതിനിടെ ഇയാൾ ഡോക്ടർമാർ ഉപയോഗിക്കുന്ന കത്രിക ഉപയോഗിച്ച് കുത്തുകയായിരുന്നു.
സംഭവത്തിൽ ജൂനിയർ ഡോക്ടർമാർ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. രാവിലെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് ഇവർ പ്രതിഷേധം അവസാനിപ്പിച്ച് ഡ്യൂട്ടിക്ക് കയറാൻ തീരുമാനിച്ചത്. ഇവരുടെ പ്രശ്‌നങ്ങൾ പഠിച്ച് പരിഹരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കാനും തീരുമാനിച്ചിരുന്നു.
Discussion about this post