കാഴ്ചയില്‍ ഒരു സംഭവം തന്നെയാണ് ടാസ്മാനിയന്‍ ടൈഗര്‍. പേരിലൊരു പുലിയുണ്ടെങ്കിലും ആള്‍ ശരിക്കും പുലിയാണെങ്കിലും കാഴ്ചയില്‍ ഒരു ചെന്നായയെ പോലെയാണ് ടാസ്മാനിയന്‍ ടൈഗര്‍. ടാസ്മാനിയയിലെ ദ്വീപില്‍ ജീവിച്ചിരുന്ന ഈ ജീവിവര്‍ഗ്ഗത്തിന് 1936ല്‍ വംശനാശം സംഭവിച്ചുവെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഈ പുലി കാട്ടിനുള്ളില്‍ കുറേക്കാലം കൂടി ജീവിച്ചിരുന്നിരിക്കാമെന്നാണ് ഇപ്പോഴൊരു ഗവേഷണം അഭിപ്രായപ്പെടുന്നത്. മാത്രമല്ല, ഇപ്പോഴും ഈ ജീവിവര്‍ഗ്ഗം ഭൂമുഖത്ത് ഉണ്ടായിരിക്കാനും ചെറിയൊരു സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.
ടാസ്മാനിയന്‍ ടൈഗര്‍- പ്രത്യേകതകള്‍
തൈലസിനുകള്‍ (തൈലസിനസ് സൈമോസെഫാലസ്) എന്നും പേരുള്ള ടാസ്മാനിയന്‍ ടൈഗര്‍, മാംസാഹാരിയായ സഞ്ചിമൃഗമാണ്. മുതുകില്‍ താഴെയായി കാണുന്ന പുലിയുടേത് പോലുള്ള വരകളാണ് ഇവയുടെ പ്രത്യേകത. ഓസ്‌ട്രേലിയയിലാണ് ഇവയെ ആദ്യം കണ്ടെത്തിയതെങ്കിലും മനുഷ്യരുടെ കയ്യേറ്റം മൂലം 3,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവ ഓസ്‌ട്രേലിയയില്‍ നിന്ന് അപ്രത്യക്ഷമായി. എങ്കിലും ടാസ്മാനിയയിലെ ഒരു ദ്വീപില്‍ ഇവയുണ്ടായിരുന്നു. പക്ഷേ ഇവിടെയും മനുഷ്യരുടെ വാസസ്ഥലമായി മാറിയതോടെ 1880കളില്‍ ഈ അപൂര്‍വ്വയിനം പുലി അവിടെ നിന്നും അപ്രത്യക്ഷമായി.
ജീവിച്ചിരിക്കുന്ന സഞ്ചിമൃഗങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ടാസ്മാനിയന്‍ ടൈഗര്‍. ചെന്നായക്ക് സമാനമായ രൂപം കൊണ്ട് മാത്രമല്ല, ഇരപിടിയനായ ശത്രുക്കളില്ലാത്ത (Apex predatsor) ഏക സഞ്ചിമൃഗമെന്ന പ്രത്യേകതയും ഇവയ്ക്കുണ്ടായിരുന്നു. ഭക്ഷ്യശൃംഖലയിലെ വളരെ പ്രധാനപ്പെട്ട, ആവാസവ്യവസ്ഥകളെ സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്തിപ്പോരുന്ന വിഭാഹമാണ് അപെക്‌സ് പ്രിഡേറ്റേഴ്‌സ്.
ടാസ്മാനിയയിലെ ഹൊബാര്‍ട്ട് മൃഗശാലയില്‍ 1936 സെപ്റ്റംൂബറിലാണ് ഏറ്റവും അവസാനത്തേത് എന്ന് കരുതപ്പെടുന്ന ടാസ്മാനിയര്‍ ടൈഗര്‍ മരിക്കുന്നത്. അവസാന മൃഗവും ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമായതിന്റെ കൃത്യമായ തീയ്യതി അറിയുന്ന വളരെ ചുരുക്കും മൃഗങ്ങളില്‍ ഒന്നുകൂടിയാണ് ടാസ്മാനിയന്‍ ടൈഗര്‍.
അവയിപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് ഗവേഷണം അഭിപ്രായപ്പെടുന്നത് എന്തുകൊണ്ട്?
1980കള്‍ വരെ ടാസ്മാനിയന്‍ ടൈഗര്‍ ജീവിച്ചിരിക്കാനുള്ള ഒരു സാധ്യതയാണ് ടാസ്മാനിയ സര്‍വ്വകലാശാലയിലെ ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ മുന്നോട്ടുവെക്കുന്നത്. ഒരുപക്ഷേ അവ ഇന്നും ജീവിച്ചിരിക്കാനുള്ള ചെറിയൊരു സാധ്യതയും അവര്‍ മുന്നോട്ടുവെക്കുന്നു. സയന്‍സ് ഓഫ് ദ ടോട്ടല്‍ എന്‍വയോണ്‍മെന്റ് എന്ന ജേണല്‍ മാര്‍ച്ച് 18ന് ഇവരുടെ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1910 മുതല്‍ ടാസ്മാനിയയില്‍ 1,237ഓളം ടാസ്മാനിയന്‍ ടൈഗറിന്റെ വാസസ്ഥലങ്ങള്‍ കണ്ടുവെന്ന റിപ്പോര്‍ട്ടുകള്‍ അപഗ്രഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് ശാസ്ത്രജ്ഞര്‍ പഠനം തയ്യാറാക്കിയിരിക്കുന്നത്.
1950കളിലാണ് ഇവയുടെ ആദ്യ അപ്രതൃക്ഷമാകല്‍ രേഖപ്പെടുത്തുന്നതെങ്കിലും 1980കളുടെ അവസാനത്തിലോ 1990കളിലോ തൈലസിനുകള്‍ കാട്ടിനുള്ളിലെ ഉള്‍പ്രദേശങ്ങളില്‍ ജീവിച്ചിരുന്നിരിക്കാം എന്നാണ് റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നത്. ടാസ്മാനിയയുടെ തെക്കുപടിഞ്ഞാറന്‍ വന്യമേഖലകളില്‍ ഇപ്പോഴും അവ മനുഷ്യരുടെ കണ്ണില്‍ പെടാതെ ജീവിച്ചിരിക്കാനുള്ള സാധ്യതയും പഠനത്തിന് നേതൃത്വം നല്‍കിയ ടാസ്മാനിയ സര്‍വ്വകലാശാലയിലെ എന്‍വയോണ്‍മെന്റല്‍ സസ്‌റ്റൈനബിലിറ്റി പ്രഫസര്‍ ബാരി ബ്രൂക്ക് മുന്നോട്ടുവെക്കുന്നു. എന്നാല്‍ ഇത് സ്ഥാപിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ മറ്റ് ശാസ്ത്രജ്ഞര്‍ ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
എന്തായാലും കണ്ടാല്‍ ചെന്നായയെും നായയെയും പോലെ തോന്നുന്ന ഈ ജീവിവര്‍ഗ്ഗത്തിന്റെ ഒടുവിലത്തെ കണ്ണികള്‍ ഇന്നുമുണ്ടെങ്കില്‍ അവയെ കണ്ടെത്തണമെന്ന ലക്ഷ്യത്തോടെ ഒരുവിഭാഗം ആളുകള്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. അതേസമയം , സമീപകാലത്ത് വംശനാശം സംഭവിച്ച ജീവിവര്‍ഗ്ഗം ആയതിനാല്‍ ടാസ്മാനിയന്‍ ടൈഗറിന്റെ ഡിഎന്‍എയും മറ്റ് സാംപിളുകളും ലഭ്യമാണെന്നും അവ ഉപയോഗിച്ച് ഈ വര്‍ഗ്ഗത്തെ വീണ്ടെടുക്കണമെന്നും ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ സര്‍വ്വകലാശാലയിലെ എപ്പിജെനിറ്റിക്‌സ് പ്രഫസര്‍ ആന്‍ഡ്രൂ പാസ്‌കും സംഘവും അഭിപ്രായപ്പെടുന്നു. പ്രകൃതിയുടേത് അല്ല, മനുഷ്യരുടെ ഇടപെടല്‍ മൂലം ഭൂമിയില്‍ നിന്ന് ഇല്ലാതായ ജീവിവര്‍ഗ്ഗമാണ് തൈലോസിനുകളെന്നും അവ ജീവിച്ചിരുന്ന ആവാസവ്യവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ അവയുടെ അതിജീവനം സാധ്യമാകുമെന്നും അദ്ദേഹം പറയുന്നു.
Discussion about this post