കോട്ടയം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ച ഹൗസ് സർജൻ ഡോ. വന്ദനാ ദാസിന്റെ വീട്ടിലെത്തി നടനും മുൻ രാജ്യസഭാംഗവുമായ സുരേഷ് ഗോപി. ഇന്ന് ഉച്ചയോടെ കോട്ടയം മുട്ടുചിറയിലെ വന്ദനയുടെ വീട്ടിലെത്തിയ അദ്ദേഹം അമ്മ വസന്തകുമാരിയെയും അച്ഛൻ കെ.കെ മോഹൻദാസിനെയും സന്ദർശിച്ചു.
വന്ദനയുടെ മരണത്തിന് പിന്നാലെ നിരവധി പേർ വീട്ടിലെത്തിയിരുന്നെങ്കിലും ആരോടും സംസാരിക്കാൻ തയ്യാറാവാതിരുന്ന വസന്തകുമാരി, സുരേഷ് ഗോപിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
മുഖ്യമന്ത്രിയോട് ചില കാര്യങ്ങൾ പറയാൻ കുടുംബം തന്നെ ചുമതലപ്പെടുത്തി. അദ്ദേഹത്തെ കാണാൻ ശ്രമിച്ച് കാര്യങ്ങൾ അറിയിക്കും. കേരളത്തിൽ ഒരു സാമൂഹിക ശുദ്ധീകരണം അനിവാര്യമാണ്. സമൂഹം ചില തിരുത്തലുകൾ വരുത്തേണ്ടിയിരിക്കുന്നു. കുഞ്ഞു നഷ്ടപ്പെടുന്ന വേദന പറഞ്ഞറിയിക്കാൻ ആകില്ലെന്ന് സുരേഷ് ഗോപി വന്ദനയുടെ മാതാപിതാക്കളെ സന്ദർശിച്ച ശേഷം പ്രതികരിച്ചു.
ഡോ. വന്ദനാ ദാസിനെ പോലീസ് അറിഞ്ഞുകൊണ്ട് മരണത്തിനു വിട്ടുകൊടുത്തുവെന്ന് നേരത്തെ സുരേഷ് ഗോപി കുറ്റുപ്പെടുത്തിയിരുന്നു. സംഭവത്തിൽ പൊലീസിന് ദീർഘവീക്ഷണം ഇല്ലാതെ പോയെന്ന് അദ്ദേഹം വിമർശിച്ചു സന്ദീപിനെ ഡോക്ടറുടെ അടുത്ത് എന്തുകൊണ്ട് ഒറ്റയ്ക്കാക്കിയെന്നു ചോദിച്ച സുരേഷ് ഗോപി, രക്തബന്ധമുള്ള കുട്ടിയായിരുന്നെങ്കിൽ പൊലീസ് അങ്ങനെ ചെയ്യുമായിരുന്നോ എന്നും ചോദിച്ചിരുന്നു.
Discussion about this post