തിരുവനന്തപുരം: വേനൽ മഴ നൽകിയ ആശ്വാസത്തിന് പിന്നാലെ സംസ്ഥാനത്ത് വീണ്ടും ചൂട് കനക്കുന്നു. ഞായറാഴ്ച സംസ്ഥാനത്ത് ഉയർന്ന താപനില അനുഭവപ്പെടാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഈ സാഹചര്യത്തിൽ ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കോട്ടയം ജില്ലയിൽ ഉയർന്ന താപനില 35 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില ഉയരുക. സാധാരണത്തേതിനേക്കാൾ രണ്ട് ഡ്രി സെൽഷ്യസ് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ്‌വരെ കൂടുതലാണ് ഇത്. ഉയർന്ന താപനിലയും ഈർപ്പവുമുള്ള വായുവും കാരണം ഈ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കോട്ടയം, കാസർകോട്, കണ്ണൂർ എന്നീ ജില്ലകളിൽ മലയോര മേഖലകൾ ഒഴികെ അസ്വസ്ഥത നിറഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെടുകയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ചൂട് വർദ്ധിക്കും. അതിനാൽ ചൂട് കൂടിയ സമയങ്ങളിൽ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം. അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
Discussion about this post