എറണാകുളം: കഴിഞ്ഞ ദിവസം കൊച്ചിയിൽ പിടിച്ചെടുത്തത് 25,000 കോടി രൂപയുടെ മാരക ലഹരിമരുന്ന്. പിടിച്ചെടുത്ത ലഹരിമരുന്നിന്റെ കണക്കെടുപ്പ് പൂർത്തിയായതോടെയാണ് ശരിയായ മൂല്യം വ്യക്തമായത്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്രയും വലിയ മയക്കുമരുന്ന് വേട്ട നടക്കുന്നത്.
വൈകീട്ടോടെയാണ് കണക്കെടുപ്പ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പൂർത്തിയാക്കിയത്. പ്രാഥമിക പരിശോധനയിൽ മൂല്യം 12,000 കോടി വരുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ വിശദമായ പരിശോധനയിലാണ് മൂല്യം വർദ്ധിച്ചതായി വ്യക്തമായത്. മാരക ലഹരിമരുന്ന് ആയ മെത്താആംഫിറ്റമിനാണ് പിടികൂടിയത്. ഇതിന് 2525 കിലോ ഭാരം വരുമെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
നിലവിൽ ഒരു ബോട്ട് മാത്രമാണ് നാവിക സേന പിടികൂടിയിട്ടുള്ളത്. ഇതിന് പുറമേ മറ്റൊരു കപ്പലിലും മയക്കുമരുന്ന് കൊച്ചി തീരത്തേക്ക് എത്തുന്നുണ്ടെന്നാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാകിസ്താനിലെ ഹാജി സലിം ഗ്രൂപ്പിന്റേതാണ് പിടിച്ചെടുത്ത മയക്കുമരുന്ന് എന്നാണ് സൂചന.
ശനിയാഴ്ചയാണ് കൊച്ചിയിലെ പുറങ്കടലിൽ ഓപ്പറേഷൻ സമുദ്രഗുപ്തിന്റെ ഭാഗമായി മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തിൽ പാക് പൗരനെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. രണ്ട് ആഴ്ച മുൻപ് ഇന്ത്യൻ തീരം വഴി വൻ ലഹരിക്കടത്ത് നടക്കാൻ പോകുന്നതായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിർണായക നീക്കത്തിനൊടുവിലായിരുന്നു ഇത്രയും വലിയ ലഹരി ശേഖരം പിടികൂടിയത്.
Discussion about this post