ജയ്പൂർ: രാജസ്ഥാനിൽ അനധികൃതമായി പശുക്കളെ കടത്താൻ ശ്രമിച്ചവർ അറസ്റ്റിൽ. ഹരിയാന സ്വദേശികളായ ഷാക്കിർ മേവ്, മുഖീം ഖുറേഷി എന്നിവരാണ് അറസ്റ്റിലായത്. ഇവർ കടത്താൻ ശ്രമിച്ച പശുക്കളെ പോലീസ് രക്ഷിച്ചു.
രാജസ്ഥാനിലെ കരൗളി ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ട്രക്കിലായിരുന്നു സംഘം പശുക്കളെ കുത്തി നിറച്ച് കടത്താൻ ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പിടികൂടുകയായിരുന്നു.
എട്ട് പശുക്കളും നാല് കിടാങ്ങളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവരെ രക്ഷിച്ച ശേഷം സമീപത്തെ മൃഗാശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഭക്ഷണവും വെള്ളവും ലഭിക്കാത്തതിനെ തുടർന്ന് പശുക്കൾ അവശനിലയിൽ ആയിരുന്നു.
അറസ്റ്റിന് ശേഷം പോലീസ് നടത്തിയ പരിശോധനയിൽ ഇവരുടെ പക്കൽ നിന്നും തോക്ക് പിടികൂടി. നാടൻ തോക്കും, മൂന്ന് സെറ്റ് വെടിയുണ്ടകളുമാണ് പിടികൂടിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കശാപ്പിനായിട്ടായിരുന്നു പശുക്കളെ ഇവർ കടത്താൻ ശ്രമിച്ചത് എന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾക്കായി പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. ഇവരിൽ നിന്നും കണ്ടെടുത്ത ആയുധങ്ങളും പരിശോധിക്കുന്നുണ്ട്.
Discussion about this post