കോട്ടയം: പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസിലെ പരാതിക്കാരിയെ വെട്ടിക്കൊന്നു. ഇന്ന് രാവിലെയാണ് സംഭവം. കോട്ടയം മണർകാട് മാലം കാഞ്ഞിരത്തുംമൂട്ടിൽ ജൂബി(26) ആണ് മരിച്ചത്. വീട്ടിലെത്തി ഭർത്താവാണ് കൊലപാതകം നടത്തിയതെന്ന് യുവതിയുടെ പിതാവ് പോലീസിന് മൊഴി നൽകി.
ജൂബിയുടെ മക്കൾ ആക്രമണ സമയത്ത് കളിക്കുന്നതിനായി വീട് പുറത്തു പോയിരിക്കുകയായിരുന്നു. പിന്നീട് ഇവർ തിരിച്ചെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കമിഴ്ന്നു കിടക്കുന്ന നിലയിൽ യുവതിയെ കണ്ടെത്തിയത്. തുടർന്ന് അയൽപക്കത്തെ വീട്ടിൽ വിവരമറിയിക്കുകയുമായിരുന്നു. കൊലപാതകശേഷം പ്രതി രക്ഷപ്പെട്ടു. ഇയാൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.
2022 ജനുവരിയിലാണ് കോട്ടയത്ത് പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം പിടിയിലായത്. ഭർത്താവ് തന്നെ മറ്റൊരാൾക്കൊപ്പം പോകാൻ നിർബന്ധിച്ചെന്ന യുവതിയുടെ പരാതിയ്ക്ക് പിന്നാലെയായിരുന്നു സംഘത്തെ പിടികൂടിയത്. കപ്പിൾ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയായിരുന്നു പ്രധാനമായും പങ്കാളികളെ കൈമാറ്റം ചെയ്തിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
Discussion about this post