കൊച്ചി: എലത്തൂർ തീവെയ്പ് കേസിലെ പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ പോലീസിനുണ്ടായ വീഴ്ച റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മാതൃഭൂമി ന്യൂസിലെ മാദ്ധ്യമപ്രവർത്തകരെ വിളിച്ചുവരുത്തി ഫോൺ പിടിച്ചുവെച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രതിയെ കൊണ്ടുവന്നതിലെ അനാസ്ഥയല്ല സർക്കാരിന് പ്രശ്‌നമെന്നും വാർത്ത ചോർന്നതിലാണെന്നും വി.ഡി സതീശൻ പരിഹസിച്ചു.
മാതൃഭൂമി ന്യൂസിന്റെ മാദ്ധ്യമപ്രവർത്തകരെ വിളിച്ചുവരുത്തി ഫോൺ വാങ്ങി വെച്ചിരിക്കുകയാണ്. മാതൃഭൂമി പോലും ആ വാർത്ത പുറത്തുവിട്ടിട്ടില്ലെന്നത് വിസ്മയിപ്പിക്കുകയാണെന്ന് വിഡി സതീശൻ പറഞ്ഞു. എന്താണ് അവർക്ക് പറ്റിയതെന്ന് അറിയില്ല. ഏഷ്യാനെറ്റിനെതിരെയും മുൻപ് സർക്കാരിന്റെ ഭാഗത്ത് നിന്ന് മാദ്ധ്യമസ്വാതന്ത്ര്യം കവർന്നെടുക്കുന്ന പ്രവർത്തനം ഉണ്ടായി. ഇപ്പോൾ മാതൃഭൂമി ന്യൂസ് ആണ്.
ആളുകളെ ട്രെയിനിൽ പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമിച്ച പ്രതിയെ കൊണ്ടുവരുമ്പോൾ അതിന്റെ കൂടെ യാത്ര ചെയ്ത് ആ വാർത്ത റിപ്പോർട്ട് ചെയ്തതിൽ എന്ത് ക്രിമിനൽ കുറ്റമാണ് ഉളളതെന്ന് വി.ഡി സതീശൻ ചോദിച്ചു. പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥ പുറത്തുവന്ന വിഷമം തീർക്കാൻ മാദ്ധ്യമപ്രവർത്തകർക്ക് എതിരായി തിരിയുന്നത് ശരിയല്ല.
ആ വാർത്ത റിപ്പോർട്ട് ചെയ്യാനായി കൂടെ സഞ്ചരിച്ചു എന്നതിന്റെ പേരിൽ മാദ്ധ്യമപ്രവർത്തകരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത് മാദ്ധ്യമസ്വാതന്ത്ര്യത്തിന് മേലുളള കടന്നുകയറ്റമാണെന്നും വി.ഡി സതീശൻ ആരോപിച്ചു.
രണ്ടാം പിണറായി സർക്കാർ വന്നതിന് ശേഷം പോലീസ് ആസ്ഥാനത്ത് രണ്ട് ചേരിയാണ്. അതിന്റെ ഭാഗമാണ് ഐജി പി വിജയനെ ഇതിന്റെ പേരിൽ സസ്‌പെൻഡ് ചെയ്തത്. അവിടെ ഉണ്ടായ അനാസ്ഥയെക്കുറിച്ച് ഗൗരവമായി അന്വേഷിക്കുന്നതിന് പകരം സർക്കാരിന് താൽപര്യം ഇതിലൊക്കെയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
Discussion about this post