ലണ്ടൻ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഭാര്യയ്‌ക്കൊപ്പം ലണ്ടനിൽ. യുകെയിലെ പ്രവാസി മലയാളികളുടെ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാനാണ് എംവി ഗോവിന്ദൻ ഭാര്യാസമേതം ലണ്ടനിൽ എത്തിയത്. സംവിധായകൻ ആഷിക് അബുവും പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്.
ലണ്ടൻ ഗ്വാറ്റിക് വിമാനത്താവളത്തിൽ സമീക്ഷ ഭാരവാഹികൾ എംവി ഗോവിന്ദനെയും ഭാര്യ ശ്യാമളയെയും സ്വീകരിച്ചു. സമീക്ഷ യുകെ നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, നാഷണൽ പ്രസിഡന്റ് ശ്രീകുമാർ ഉള്ളപ്പിള്ളിൽ എന്നിവരാണ് അതിഥികളെ സ്വീകരിക്കാൻ എത്തിയത്.
പതിവ് ലളിത വേഷം വിട്ട് പാന്റും ഷർട്ടും ഷൂസും ധരിച്ചാണ് എംവി ഗോവിന്ദൻ ലണ്ടനിൽ എത്തിയത്. സമൂഹമാദ്ധ്യമങ്ങളിലൂടെ അദ്ദേഹം പങ്കുവെച്ച ചിത്രത്തിൽ കമന്റായി പലരും ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തു.
ശനിയും ഞായറുമായി പീറ്റർബോറോയിലാണ് സമീക്ഷയുടെ സമ്മേളനം നടക്കുന്നത്. എംവി ഗോവിന്ദൻ ആണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. ആഷിക് അബു് മുഖ്യാതിഥിയാണ്.
വിഖ്യാത സാഹിത്യകാരൻ വില്യം ഷേക്‌സ്പിയറിന്റെ ജൻമസ്ഥലമായ വാർവിക്ക്‌ഷെയർ ഉൾപ്പെടെ സന്ദർശിച്ച ശേഷമാകും എംവി ഗോവിന്ദന്റെ മടക്കം. മാഞ്ചസ്റ്ററിൽ കുടുംബസംഗമ സംവാദ സദസിലും പങ്കെടുക്കും. നോർത്താംപ്റ്റണിൽ മലയാളം സ്‌കൂളിന്റെ ഉദ്ഘാടനവും എംവി ഗോവിന്ദൻ നിർവ്വഹിക്കും.
Discussion about this post