തിരുവനന്തപുരം: എംപി സ്ഥാനത്ത് നിന്നും രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് ജനങ്ങൾക്ക് ഗുണകരമാകുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അദ്ദേഹം വയനാട്ടിൽ തന്നെ എംപിയായി തുടർന്നിരുന്നുവെങ്കിൽ അമേഠിയിലെ ജനങ്ങൾക്കുണ്ടായ അതേ അവസ്ഥ ഇവിടുത്തുകാർക്കും ഉണ്ടായേനെയെന്നും സ്മൃതി ഇറാനി പറഞ്ഞു. കേരള സന്ദർശനത്തിനിടെ മാദ്ധ്യമങ്ങളോട് ആയിരുന്നു സ്മൃതി ഇറാനിയുടെ പ്രതികരണം.
രാഹുൽ ഗാന്ധിയെ നാടുകടത്തിയ അമേഠിയിലെ ജനങ്ങളെ കാത്തിരുന്നത് നല്ലൊരു ഭാവി ആയിരുന്നു. കാരണം രാഹുൽ എംപിയായിരുന്നപ്പോൾ ഒരു വികസനവും മണ്ഡലത്തിൽ ഉണ്ടായിരുന്നില്ല. മണ്ഡലത്തിലെ 80 ശതമാനം കുടുംബങ്ങളാണ് വൈദ്യുതിയില്ലാതെ വിഷമിച്ചിരുന്നത്. ജില്ലാ കളക്ടറുടെ ഓഫീസ്, ആശുപത്രി, സൂകൂളുകൾ എന്നിവിടങ്ങളിൽ പോലും വൈദ്യുതിയെത്തിക്കാൻ എംപിയായിരുന്നപ്പോൾ രാഹുൽ ഗാന്ധിയ്ക്ക് കഴിഞ്ഞിരുന്നില്ലെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.
അമേഠിയിലെ ജനങ്ങൾക്ക് ആവശ്യമായതെല്ലാം നൽകാൻ രാഹുലിന് കഴിയുമായിരുന്നു. എന്നാൽ ജനങ്ങളുടെ പ്രശ്‌നങ്ങൾ അദ്ദേഹം കണ്ടില്ലെന്ന് നടിച്ചു. വയനാട് എംപിയായി അദ്ദേഹം തുടർന്നിരുന്നുവെങ്കിൽ അമേഠിയിലെ ജനങ്ങൾ അനുഭവിച്ച പ്രശ്‌നങ്ങൾ എല്ലാം വയനാട്ടിലെ ജനങ്ങൾക്കും അനുഭവിക്കേണ്ടി വന്നേനെയെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.
Discussion about this post