തിരുവനന്തപുരം : എം. വി ഗോവിന്ദന്റെ കൂറ്റനാട് അപ്പം ട്രോൾ ആയതിനു ശേഷം കെ റെയിലുമായി ബന്ധപ്പെട്ട് അമ്മയുണ്ടാക്കുന്ന ഭക്ഷണം അവതരിപ്പിച്ച് സന്ദീപാനന്ദ ഗിരി. കെ റെയിൽ പോലെ അതിവേഗ ട്രെയിൻ തിരുവനന്തപുരം മുതൽ കാസർകോഡ് വരെ 10 മിനുട്ട് ഇടവിട്ട് ഓടാനുണ്ടായിരുന്നെങ്കിൽ വിദ്യാർത്ഥികൾക്ക് അമ്മയുണ്ടാക്കുന്ന ഭക്ഷണം കഴിച്ച് കോളേജിൽ പോയി തിരിച്ച് വന്ന് കുടുംബത്തോടൊപ്പം ഉറങ്ങാമായിരുന്നുവെന്ന് സന്ദീപാനന്ദ ഗിരി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കെ റെയിൽ വന്നാൽ വിദേശകാര്യങ്ങളിലെപ്പോലെ നമ്മുടെ കുട്ടികൾക്ക് പഠിക്കാൻ കഴിയില്ലേ എന്നും സന്ദീപാനന്ദ ഗിരി ചോദിക്കുന്നു. കെ റെയിൽ വന്നാൽ കൂറ്റനാട് നിന്ന് അപ്പം കൊച്ചിയിൽ കൊണ്ടു വന്ന് വിൽക്കാമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞിരുന്നു. വലിയ പരിഹാസവും ട്രോൾ മഴയുമാണ് ഇതേ തുടർന്ന് സമൂഹ മാദ്ധ്യമങ്ങളിൽ ഉയർന്നത്. ഇത്രയും ടിക്കറ്റ് നിരക്ക് നൽകി അപ്പം കൊണ്ട് വിറ്റാൽ എന്താണ് ലാഭമുണ്ടാകുക എന്ന ചോദ്യമാണ് ഉയർന്നത്. കൂറ്റനാട്ടെ അപ്പം വന്ദേഭാരതിൽ വിൽക്കാൻ പറ്റില്ലെന്നും അതിന് കെ റെയിൽ തന്നെ വേണമെന്നും ഗോവിന്ദൻ ആവർത്തിച്ചിരുന്നു.
സന്ദീപാനന്ദ ഗിരിയുടെ അമ്മയുണ്ടാക്കുന്ന ഭക്ഷണ പോസ്റ്റിൽ രസകരമായ കമന്റുകളും വരുന്നുണ്ട്. കെ റെയിൽ യാത്ര ചെയ്താൽ ചെലവാകുന്ന തുകയും ഹോസ്റ്റൽ എടുത്താൽ ചെലവാകുന്ന തുകയും ചൂണ്ടിക്കാട്ടിയാണ് മറുപടികൾ. തനിക്ക് ഏറ്റവും നല്ല പണി ക്യു ആർ കോഡ് വെച്ച് തെണ്ടുന്നതാണെന്നും കമന്റിലുണ്ട്. നേരത്തെ വിഷു കൈനീട്ടം ആവശ്യപ്പെട്ടുകൊണ്ട് സന്ദീപാനന്ദ ഗിരി ക്യുആർ കോഡ് ഇട്ടിരുന്നു. ഇതിൽ മുപ്പത്തിയെണ്ണായിരം രൂപ ലഭിച്ചെന്നും ഗിരി പിന്നീട് വ്യക്തമാക്കിയിരുന്നു. ഇത് സൂചിപ്പിച്ചായിരുന്നു പരിഹാസം.
Discussion about this post