മണ്ണാർക്കാട് : കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി സുരേഷ് കുമാർ കൈക്കൂലി വാങ്ങാതെ ഒന്നും ചെയ്യുമായിരുന്നില്ലെന്ന് കണ്ടെത്തൽ. എന്തെങ്കിലുമൊരു വസ്തു കൈക്കൂലി വാങ്ങാതെ ഇയാൾ ഒരു ഫയലിൽ പോലും ഒപ്പിടാറില്ല എന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. പുഴുങ്ങിയ മുട്ട, കുടംപുളി, ജാതിക്ക, ഷർട്ട് എന്നിങ്ങനെ എന്ത് സാധനവും ഇയാൾ കൈക്കൂലിയായി വാങ്ങിയിരുന്നു. തൃശൂർ വിജിലൻസ് കോടതി സുരേഷ് കുമാറിനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. ജൂൺ 7ന് കേസ് വീണ്ടും പരിഗണിക്കും.
കൈക്കൂലി വാങ്ങുന്നതിനിടെ കഴിഞ്ഞ ദിവസമാണ് വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥൻ പിടിയിലായത്. മണ്ണാർക്കാട് താമസസ്ഥലത്ത് നടത്തിയ റെയ്ഡിൽ 35 ലക്ഷം രൂപ പണമായും 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപ രേഖകളും 17 കിലോ നാണയങ്ങളും 25 ലക്ഷം രൂപയുടെ സേവിങ്‌സ് അക്കൗണ്ട് രേഖകളും ഉൾപ്പെടെ 1.05 കോടിയുടെ പണവും രേഖകളും കണ്ടെടുത്തു. തൊട്ടടുത്ത വ്യാപാര സ്ഥാപനത്തിൽ നിന്നെടുത്ത നോട്ടെണ്ണൽ യന്ത്രം ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ പണം എണിത്തിട്ടപ്പെടുത്തിയത്.
20 വർഷത്തോളമായി മണ്ണാർക്കാട് താലൂക്കിലെ വിവിധ വില്ലേജുകളിലായി സേവനം അനുഷ്ഠിച്ചയാളാണ് സുരേഷ്. നഗരമധ്യത്തിലെ ജി.ആർ. ഷോപ്പിങ് കോംപ്ലക്‌സിലെ ഒറ്റമുറിയിലാണ് കഴിഞ്ഞ 10 വർഷമായി ഇയാൾ താമസിക്കുന്നത്. ആരോടും അധികം അടുപ്പം പുലർത്താത്ത സുരേഷിന് മുറി വൃത്തിയാക്കുന്ന പതിവ് ഇല്ലായിരുന്നു. വസ്തുവിന്റെ ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് 2,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണു സുരേഷ്‌കുമാർ അറസ്റ്റിലായത്.
സുരേഷ് കുമാർ താമസിച്ചിരുന്നത് 2500 രൂപ മാസവാടകയുള്ള മുറിയിലായിരുന്നു. സ്വന്തമായി കാറോ ഇരുചക്രവാഹനമോ ഉണ്ടായിരുന്നില്ല. പണം സ്വരുക്കൂട്ടിയത് വീട് വെക്കാനെന്നാണ് പ്രതിയുടെ കുറ്റസമ്മത മൊഴി.
Discussion about this post