പത്തനംതിട്ട: ശബരിമല പൊന്നമ്പലമേട്ടിൽ അനധികൃതമായി പൂജ നടത്തിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. ഇടുക്കി മഞ്ചുമല സ്വദേശി സൂരജ് പി സുരേഷ് ആണ് പിടിയിലായത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം അഞ്ചായി.
കേസിലെ പ്രധാന പ്രതിയും പൂജയ്ക്ക് കാർമ്മികത്വം വഹിക്കുകയും ചെയ്ത നാരായണനെയും തമിഴ്‌നാട്ടിൽ നിന്നുള്ള സംഘത്തെയും ഗവിയിൽ എത്തിച്ചത് സുരേഷ് ആണ്. ഇതിന് പുറമേ ഇയാൾ പൂജയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. നേരത്തെ അറസ്റ്റിലായവരിൽ നിന്നുമാണ് ഇയാളെക്കുറിച്ചുള്ള വിവരം വനംവകുപ്പിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയായിരുന്നു. വനംവികസന കോർപ്പറേഷനിലെ രണ്ട് ജീവനക്കാരും, ഇടനിലക്കാരായ രണ്ട് പേരുമാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.
അതേസമയം കേസിൽ അറസ്റ്റ് ഉറപ്പായതോടെ തമിഴ്‌നാട് സ്വദേശി നാരായണൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു നാരായണൻ അപേക്ഷ നൽകിയത്. ഇത് അടുത്ത ദിവസം കോടതി പരിഗണിക്കും.
ഇക്കഴിഞ്ഞ എട്ടിനായിരുന്നു പൊന്നമ്പലമേട്ടിൽ അനധികൃത പൂജ നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിലൂടെ പുറത്തുവന്നിരുന്നു. ഇതോടെയായിരുന്നു സംഭവം പുറത്തറിഞ്ഞത്.
Discussion about this post