മലപ്പുറം: കോഴിക്കോട് ഹോട്ടൽ വ്യവസായിയെ കൊലപ്പെടുത്തി വെട്ടി നുറുക്കി കഷ്ണങ്ങളാക്കി ട്രോളി ബാഗുകളിൽ ഉപേക്ഷിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. വ്യാപാരി സിദ്ദിഖിനെ ഹണി ട്രാപ്പിൽ കുടുക്കാനായിരുന്നു പദ്ധതിയെന്നും, ഇത് ചെറുത്തതോടെയാണ് കൊല നടത്തിയതെന്നുമാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് പറയുന്നത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഷിബിലിയും ആഷിഖും ചേർന്നാണ് ഹണി ട്രാപ്പിനുള്ള പദ്ധതികൾ തയ്യാറാക്കിയിരുന്നത്. ഹോട്ടലിലേക്ക് വിളിച്ചു വരുത്തി നഗ്ന ചിത്രങ്ങൾ എടുക്കുകയും, ഇത് കാണിച്ച് പിന്നീട് പണം തട്ടുകയുമായിരുന്നു പദ്ധതി. എന്നാൽ നഗ്ന ചിത്രങ്ങൾ പകർത്താനുള്ള ശ്രമം സിദ്ദിഖ് ചെറുത്തു. ഇതോടെ കയ്യിൽ കരുതിയ ചുറ്റിക കൊണ്ട് ഷിബിലി ആക്രമിക്കുകയായിരുന്നു.
ചുറ്റിക കൊണ്ട് തലയ്ക്കും നെഞ്ചിനും ഇടിച്ചു. ഇതിൽ സാരമായി പരിക്കേറ്റ സിദ്ദിഖ് നിലത്തു വീണു. തുടർന്ന് ആഷിഖ് നെഞ്ചിൽ ചവിട്ടുകയായിരുന്നു. ഇതിലാണ് വാരിയെല്ലിന് പരിക്കേറ്റത്. തുടർന്ന് മൂന്ന് പേരും കൂടി ആക്രമിച്ച് കൊലപ്പെടുത്തി. സിദ്ദിഖ് എതിർത്താൽ നേരിടാൻ ഫർഹാനയാണ് കയ്യിൽ ചുറ്റിക കരുതിയത്്. കത്തിയും കയ്യിൽ സൂക്ഷിച്ചിരുന്നു.
സിദ്ദിഖ് മരിച്ചതോടെ ഇവർ മൃതദേഹം ഉപേക്ഷിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ട്രോളി ബാഗിലാക്കി കളയുകയായിരുന്നു പദ്ധതി. ഇതിനായി മാനാഞ്ചിറയിൽ നിന്നും ട്രോളി വാങ്ങി. എന്നാൽ ഇതിൽ ശരീരം കയറിയില്ല. ഇതോടെ മുറിച്ച് ശരീരം ഇതിനുള്ളിലാക്കാൻ തീരുമാനിക്കുകയായിരുന്നു. വീണ്ടും കോഴിക്കോട് എത്തിയ പ്രതികൾ ഇലക്ട്രിക് കട്ടറും മറ്റൊരു ബാഗും വാങ്ങി.
ജി 4 മുറിയുടെ ശുചിമുറിയിൽവച്ചാണ് മൃതദേഹം കഷ്ണങ്ങളാക്കിയത്. പിന്നീട് രണ്ട് ട്രോളി ബാഗുകളിലാക്കി ഉപേക്ഷിക്കുകയായിരുന്നു. അട്ടപ്പാടി ചുരത്തിൽ ബാഗുകൾ നിക്ഷേപിക്കാൻ ആഷിഖ് ആണ് നിർദ്ദേശിച്ചത്. തെളിവ് നശിപ്പിക്കാനായി ആയുധങ്ങൾ, രക്തം തുടച്ച തുണി, വാഹനം എന്നിവ ഉപേക്ഷിച്ചു. ഇന്നും അടുത്ത ദിവസങ്ങളിലുമായി ഇതെല്ലാം കണ്ടെടുക്കാനാണ് പോലീസിന്റെ തീരുമാനം.
ഫർഹാനയുടെ പിതാവിന്റെ സുഹൃത്താണ് സിദ്ദിഖ്. ഈ പരിചയം വഴിയാണ് ഷിബിലിന് ജോലി വാങ്ങി നൽകിയത്. രണ്ട് വർഷക്കാലമായി സിദ്ദിഖിനൊപ്പം ഷിബിലുണ്ട്. ഇതിനോടകം തന്നെ ഇയാൾ പാസ്‌വേഡുകൾ ശേഖരിച്ചിരുന്നു. ഇത് ഉപയോഗിച്ചാണ് പണം പിൻവലിച്ചത്. സംഭവ ശേഷം ചെന്നൈയിലേക്ക് പോയ ഇവർ അവിടെ നിന്നും അസമിലേക്ക് കടക്കാൻ ആയിരുന്നു പദ്ധയിയിട്ടിരുന്നത്. എന്നാൽ ഇതിനിടെ പോലീസിന്റെ പിടിയിലാവുകയായിരുന്നു.
Discussion about this post