തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ആരോപണവുമായി ബന്ധുക്കൾ. ചികിത്സാ പിഴവാണ് വിദ്യാർത്ഥിനി മരിക്കാൻ കാരണമായത് എന്നാണ് ബന്ധുക്കൾ പറയുന്നത്. ആറ്റിങ്ങൾ പരപ്പൻകോട്ടുകോണം സ്വദേശിനിയും പ്ലസ് ടു വിദ്യാർത്ഥിനിയുമായ മീനാക്ഷി (18) ആണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ടോടെയായിരുന്നു മീനാക്ഷി മരിച്ചത്. മുക്കുപണ്ട കമ്മലിൽ നിന്നുള്ള അലർജിയെ തുടർന്ന് ഈ മാസം 17 നായിരുന്നു മീനാക്ഷിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്ക് ശേഷം ശനിയാഴ്ച ആശുപത്രി അധികൃതർ ഡിസ്ചാർജ് നൽകി വീട്ടിലേക്ക് വിട്ടു. എന്നാൽ വീട്ടിലേക്ക് പോകുന്നതിനിടെ വീണ്ടും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
വഴിയിൽവച്ച് മീനാക്ഷി ഛർദ്ദിച്ചു. അവശയായതിനെ തുടർന്ന് ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മീനാക്ഷി മരിച്ചത് എന്നാണ് ആശുപത്രി അധികൃതർ കുടുംബത്തോട് പറഞ്ഞത്. എന്നാൽ ചികിത്സാ പിഴവാണെന്നാണ് ബന്ധുക്കളുടെ ആരോപണം.
ആശുപത്രിയിൽ നിന്നും മതിയായ ചികിത്സ നൽകിയില്ല. ഇതാണ് മരണത്തിന് കാരണം ആയത് എന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ ആറ്റിങ്ങൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മീനാക്ഷിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായ ശേഷം ബന്ധുക്കൾക്ക് കൈമാറി.
Discussion about this post