കോട്ടയം: പങ്കാളി കൈമാറ്റ കേസിലെ പരാതിക്കാരിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് മരിച്ചു. മണർകാട് കാഞ്ഞിരത്തുംമൂട്ടിൽ ഷിനോ മാത്യുവാണ് മരിച്ചത്. മാരക വിഷം കഴിച്ച ഇയാൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു.
ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ ഇയാളുടെ ആരോഗ്യനില മോശമായിരുന്നു. ഇതേ തുടർന്ന് ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. പൊളോണിയം എന്ന വിഷമാണ് കഴിച്ചത് എന്നാണ് ഇയാൾ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. ഇയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.
ഈ മാസം 20 നാണ് വിഷം കഴിച്ച നിലയിൽ ഷിനോയെ കണ്ടത്. ഇതിന്റെ തലേന്ന് ഇയാളുടെ ഭാര്യയായ ജൂബിയെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആത്മഹത്യാശ്രമം. അവശനിലയിൽ ആയ ഇയാളെ ആദ്യം ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യം വീണ്ടെടുത്ത ശേഷം പങ്കാളി കൈമാറ്റവുമായി ബന്ധപ്പെട്ട് ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യാനിരുന്നതാണ്. ഇതിനിടെയായിരുന്നു മരണം.
സമൂഹമാദ്ധ്യമ ആപ്പു വഴി പങ്കാളികളെ കൈമാറ്റം ചെയ്യുന്ന സംഘത്തിലെ കണ്ണിയായിരുന്നു ഷിനോ. ഇയാളുടെ നിർബന്ധത്തിനും ഭീഷണിയ്ക്കും വഴങ്ങി നിരവധി തവണയാണ് ജൂബിയ്ക്ക് ഇതിന് ഇരയാകേണ്ടിവന്നത്. എന്നാൽ ഇത് സഹിക്കാൻ പറ്റാതെ ആയതോടെ ജൂബി പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. കേസുമായി ബന്ധപ്പെട്ട വിചാരണ ഉൾപ്പെടെ അടുത്തിടെ നടക്കാനിരിക്കെയാണ് ഷിനോ ജൂബിയെ വെട്ടിക്കൊലപ്പെടുത്തിയത്.
Discussion about this post