കൊച്ചി; സിപിഎം വീണ്ടും മിനി കൂപ്പർ വിവാദത്തിൽ. കൊച്ചിയിലെ സിഐടിയു സംസ്ഥാന നേതാവ് അൻപത് ലക്ഷത്തിലധികം രൂപ എക്‌സ് ഷോറൂം വിലയുളള മിനി കൂപ്പർ സ്വന്തമാക്കിയതാണ് പാർട്ടിക്ക് തലവേദനയായത്. സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ഇക്കാര്യം ചൂടൻ ചർച്ചയാണ്.
സിഐടിയുവിന് കീഴിലുളള പെട്രോളിയം ആന്റ് ഗ്യാസ് വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ അനിൽ കുമാർ ആണ് ആഢംബര വാഹനം വാങ്ങി വിവാദത്തിൽ പെട്ടത്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം അനിൽ കുമാർ ഷോറൂമിൽ നിന്ന് താക്കോൽ ഏറ്റുവാങ്ങുന്ന ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇതാണ് ചർച്ച ചെയ്യപ്പെടുന്നതും. എന്നാൽ വിവാദം മുറുകിയതോടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ ജോലിക്കാരിയായ ഭാര്യയാണ് വാഹനം വാങ്ങിയതെന്നാണ് അനിൽ കുമാറിന്റെ വിശദീകരണം.
നേരത്തെ വൈപ്പിനിൽ ഗ്യാസ് ഏജൻസി ഉടമയായ സ്ത്രീയെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിൽ ഉൾപ്പെടെ അനിൽ കുമാർ വിവാദത്തിലായിരുന്നു. ടൊയോട്ട ഇന്നോവ, ഫോർച്യൂണർ തുടങ്ങി മുൻനിര വാഹനങ്ങളും അനിൽകുമാറിനുണ്ട്. ഇതെല്ലാം അനിലിന്റെ പേരിൽ തന്നെയാണ്. എന്നാൽ മിനി കൂപ്പർ ഭാര്യയുടെ പേരിലാണെന്നാണ് സൂചന.
മുണ്ട് മുറുക്കിയുടുത്ത് അധ്വാനിക്കുന്ന തൊഴിലാളികളുടെ നേതാവ് എങ്ങനെയാണ് മിനി കൂപ്പർ സ്വന്തമാക്കിയതെന്നാണ് സമൂഹമാദ്ധ്യമങ്ങളിലെ ചർച്ച. സംസ്ഥാന സെക്രട്ടറിയായിരിക്കെ കോടിയേരി ബാലകൃഷ്ണൻ നടത്തിയ ജനജാഗ്രതാ യാത്രയ്ക്കിടെ മിനി കൂപ്പർ ഉപയോഗിച്ചത് പാർട്ടിക്കുളളിൽ വലിയ വിവാദമായിരുന്നു. സ്വർണക്കടത്ത് ഉൾപ്പെടെയുളള കേസുകളിൽ ആരോപണ വിധേയനായ കാരാട്ട് ഫൈസലിന്റെ ഉടമസ്ഥതയിലുളള മിനി കൂപ്പർ ആയിരുന്നു അന്ന് കോടിയേരി ഉപയോഗിച്ചത്. ഇക്കാര്യത്തിൽ ജാഗ്രതക്കുറവ് ഉണ്ടായെന്ന് സിപിഎം പിന്നീട് സമ്മതിച്ചിരുന്നു.
Discussion about this post