ചിറയിൻകീഴ്: പരശുറാം എക്‌സ്പ്രസിന് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ് അനുവദിച്ചു. ചിറയിൻകീഴ് സ്റ്റോപ്പില്ലാത്തതിനാൽ പരശുറാമിൽ ദിവസവും യാത്ര ചെയ്യുന്നവർ വർക്കല റെയിൽവേ സ്റ്റേഷൻ വരെ പോകണ്ട സ്ഥിതിയായിരുന്നു. ഇതിനാണ് റെയിൽവേ മന്ത്രി ഇടപെട്ട് പരിഹാരം കണ്ടത്.
പ്രദേശവാസികളുടെ പരാതി കേന്ദ്ര റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ വി മുരളീധരൻ നേരിട്ട് അറിയിച്ചിരുന്നു. റെയിൽവേ മന്ത്രാലയത്തിന്റെ നടപടിയെ സന്തോഷപൂർവം സ്വാഗതം ചെയ്യുന്നതായും ജനങ്ങളുടെ യാത്രാദുരിതത്തിന് ഇത് പരിഹാരമാകുമെന്നും വി. മുരളീധരൻ പറഞ്ഞു. ജൂൺ ആറ് മുതൽ ട്രെയിൻ ചിറയിൻകീഴ് നിർത്തും.
ആയിരങ്ങൾ ആശ്രയിക്കുന്ന ചിറയിൻകീഴ് സ്റ്റേഷനിൽ പല എക്‌സ്പ്രസ് ട്രെയിനുകൾക്കും സ്റ്റോപ്പില്ലാത്ത സ്ഥിതി മാറ്റാൻ അനുഭാവപൂർവം ഇടപെടുമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നതായി വി. മുരളീധരൻ ചൂണ്ടിക്കാട്ടി. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യവികസനത്തിലും മന്ത്രാലയ ഇടപെടൽ ഉടൻ പ്രതീക്ഷിക്കാമെന്ന് വി. മുരളീധരൻ കൂട്ടിച്ചേർത്തു.
Discussion about this post