തിരുവനന്തപുരം: ഇരു ചക്രവാഹനങ്ങളിൽ മാതാപിതാക്കൾക്കൊപ്പം കുട്ടികളെ ഇരുത്തി യാത്ര ചെയ്താൽ പിഴ ഈടാക്കില്ലെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി ആന്റണി രാജു. ഗതാഗത നിയമ ലംഘനങ്ങൾക്ക് എഐ ക്യാമറകൾ തിങ്കളാഴ്ച മുതൽ പിഴ ചുമത്താൻ ആരംഭിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കി മന്ത്രി രംഗത്ത് എത്തിയിരിക്കുന്നത്.
ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ബൈക്കിൽ യാത്ര ചെയ്യുന്ന 12 വയസ്സിൽ താഴെയുള്ള കുട്ടികളെ മൂന്നാമത്തെ യാത്രക്കാരായി കാണില്ലെന്ന് ആന്റണി രാജു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടുള്ള കേന്ദ്ര തീരുമാനം ലഭിക്കാനുണ്ട്. അതിന് ശേഷം ഇക്കാര്യത്തിൽ കൂടുതൽ തീരുമാനങ്ങൾ കൈക്കൊള്ളും. നിയമങ്ങളിൽ ഭേദഗതികൾ വരുത്തണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ എട്ട് മണി മുതൽ എഐ ക്യാമറകൾ പിഴ ഈടാക്കി തുടങ്ങുമെന്നും ആന്റണി രാജു വ്യക്തമാക്കി.
ഹെൽമെറ്റ്- സീറ്റ്‌ബെൽട്ട് എന്നിവ ധരിക്കാതിരിക്കുക, വാഹമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുക തുടങ്ങി എല്ലാ നിയമലംഘനങ്ങൾക്കും പിഴയുണ്ട്. അതുകൊണ്ടുതന്നെ ആളുകൾ നിയമങ്ങൾ കൃത്യമായി പാലിക്കണം. ഏറ്റവും കൂടുതൽ റോഡ് അപകടങ്ങൾ ഉണ്ടാകുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. പ്രതിവർഷം 161 റോഡ് അപകടങ്ങൾ സംസ്ഥാനത്ത് ഉണ്ടാകുന്നുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് പരിഹരിക്കുകയാണ് എഐ ക്യാമറകൾ സ്ഥാപിച്ചതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
നൈറ്റ് വിഷൻ അടക്കം മികച്ച ക്യാമറ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത് .വിദഗ്ധ സമിതി ക്യാമറയുടെ സംവിധാനം പരിശോധിച്ചിരുന്നു. സംസ്ഥാനത്ത് ആകെ 692 ക്യാമറകൾ സംസ്ഥാനത്ത് പ്രവർത്തന സജ്ജമാണ്. കൂടുതൽ ക്യാമറകൾ സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ആന്റണി രാജു വ്യക്തമാക്കി.
Discussion about this post