കോട്ടയം : അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത വിവരം കോളേജ് അധികൃതർ മറച്ചുവെച്ചുവെന്ന പരാതിയുമായി വിദ്യാർത്ഥികൾ. എറണാകുളം സ്വദേശി സതീഷിന്റെ മകൾ ശ്രദ്ധ കുഴഞ്ഞുവീണുവെന്നാണ് കോളേജ് അധികൃതർ ആദ്യം ആശുപത്രിയിൽ അറിയിച്ചത്. വിവരം മറച്ചുവച്ചതുകൊണ്ട് തന്നെ കൃത്യമായ പ്രാഥമിക ശുശ്രൂഷ നടത്താൻ കഴിഞ്ഞില്ലെന്നും വിദ്യാർത്ഥികൾ പരാതിപ്പെടുന്നു.
കോളേജ് അധികൃതരുടെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ കോളേജിന് മുന്നിൽ പ്രതിഷേധിക്കുകയാണ്. ലാബിൽ ഫോൺ നോട്ടിഫിക്കേഷൻ നോക്കിയതിന് ലാബ് അസിസ്റ്റന്റ് ശ്രദ്ധയുടെ ഫോൺ പിടിച്ചെടുക്കുകയും ഇക്കാര്യം വകുപ്പ് മേധാവിയെ അറിയിക്കുകയും ചെയ്തിരുന്നു. ശ്രദ്ധയെ റൂമിലേക്ക് വിളിപ്പിച്ച വകുപ്പ് മേധാവി പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ചു. കടുത്ത മനോവിഷമത്തിലായിരുന്ന വിദ്യാർത്ഥിനിക്ക് ഹോസ്റ്റലിലും അപമാനം നേരിടേണ്ടിവന്നു. ഇതോടെയാണ് ഹോസ്റ്റൽ മുറിയിൽ ശ്രദ്ധ ജീവനൊടുക്കിയത്.
ജൂൺ രണ്ടാം തിയതിയാണ് ശ്രദ്ധ സതീഷ് കോളജ് ഹോസ്റ്റലിൽ ജീവനൊടുക്കിയത്. വിദ്യാർഥിനിയുടെ മരണത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടി. ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയിക്ക് മന്ത്രി നിർദേശം നൽകി.
Discussion about this post