കോട്ടയം : കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളേജിൽ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിനിടെ സംഘർഷം. മാനേജ്‌മെന്റിനെതിരെ പ്രതിഷേധം ശക്തമായതോടെ കോളേജിൽ വെച്ച് പോലീസ് ഇടപെടുകയായിരുന്നു. ഇതിനിടെ വിദ്യാർത്ഥികളെ ഡിവൈഎസ്പി അനിൽകുമാർ മർദ്ദിക്കുകയും ചെയ്തു. ഇതോടെയാണ് സംഘർഷം കനത്തത്. തുടർന്ന് കോളേജിൽ നിന്ന് പോലീസ് സേനയെ നീക്കി.
ജൂണ് 2 നാണ് ശ്രദ്ധ എന്ന വിദ്യാർത്ഥിനി ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തത്. കോളേജ് അധികൃതരുടെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സഹപാഠികൾ പറയുന്നു. സംഭവത്തിൽ വിശദീകരണം നൽകാൻ കോളേജ് ഇതുവരെ തയ്യാറായിട്ടില്ല. അതിനിടെ സമരം ശക്തമായതോടെ ഹോസ്റ്റൽ മുറികൾ ഒഴിയാൻ മാനേജ്‌മെൻറ് നിർദേശം നൽകി. കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിടാനും തീരുമാനിച്ചു. എന്നാൽ പ്രതിഷേധത്തിൽ നിന്ന് പിന്തിരിയാൻ വിദ്യാർത്ഥികൾ തയ്യാറായിരുന്നില്ല.
ഇതോടെ വിദ്യാർഥികളെ കോളജ് മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആൺകുട്ടികളെ ഹോസ്റ്റലിൽ പൂട്ടിയിട്ടെന്നും ഇൻറേണൽ മാർക്ക് കുറയ്ക്കുമെന്ന് അദ്ധ്യാപകർ ഭീഷണിപ്പെടുത്തിയെന്നും വിദ്യാർഥികൾ ആരോപിച്ചു.
ആറ് വിദ്യാർത്ഥികളെ വിളിപ്പിച്ച് മാനേജ്‌മെന്റ് ചർച്ച നടത്തിയെങ്കിലും ഇതിൽ അനുകൂല തീരുമാനം ഉണ്ടാവാത്ത സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ വീണ്ടും പ്രതിഷേധിച്ചത്. എന്നാല് പോലീസ് ഇവരെ കയ്യേറ്റം ചെയ്യുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് തങ്ങൾക്കു നേരെ കൈയേറ്റം നടത്തിയതെന്നും വിദ്യാർഥികൾ പറഞ്ഞു.
Discussion about this post