തിരുവനന്തപുരം : ഗസ്റ്റ് ലക്ചററാകാൻ എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യജ സർട്ടിഫിക്കേറ്റ് ചമച്ച് പ്രതിക്കൂട്ടിലായ മുൻ എസ്എഫ്‌ഐ നേതാവ് കെ വിദ്യ സംസ്‌കാരിക രംഗത്തും പ്രശസ്തയാണെന്ന് റിപ്പോർട്ട്. യുവ എഴുത്തുകാരി കൂടിയായ വിദ്യ വ്യാജ സർട്ടിഫിക്കേറ്റ് മാത്രമല്ല, ഇതിനകം ചെറുകഥാ സമാഹാരവും പുറത്തിറക്കിയിട്ടുണ്ട്.
”ചിമ്മിണി കടലിന്റെ പ്രസവം” എന്ന പുസ്തകം 2021 ലാണ് പുറത്തിറക്കിയത്.
കാലടി സർവകലാശാലയിലെ അധ്യാപകനും ഇടത് സഹയാത്രികനുമായ സുനിൽ പി ഇളയിടമാണ് പുസ്തകം പ്രകാശനം ചെയ്തത്. കൂടാതെ, നിരവധി കവിതകളും വിദ്യ എഴുതിയിട്ടുണ്ട്.
എറണാകുളം മഹാരാജാസിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്ന കാസർകോട് സ്വദേശിയായ വിദ്യ എസ്എഫ്‌ഐയുടെ സജീവ പ്രവർത്തക കൂടിയായിരുന്നു. 2018 ൽ മഹാരാജാസിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ വിദ്യാർത്ഥിനി കാലടി സർവകലാശാലയിൽ എംഫിൽ ചെയ്തു.
മഹാരാജാസ് കോളേജിലെ മലയാളം വിഭാഗത്തിൽ 2018-19, 2020-21 കാലയളവിൽ രണ്ടുവർഷം ഗസ്റ്റ് ലക്ചററായിരുന്നെന്ന എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകളാണ് വിദ്യ വ്യാജമായി ഉണ്ടാക്കിയത്. ഇത് ഉപയോഗിച്ച് അട്ടപ്പാടി ഗവ. കോളേജിൽ ഗസ്റ്റ് ലക്ചറർ അഭിമുഖത്തിന് എത്തി. സർട്ടിഫിക്കറ്റിൽ സംശയം തോന്നി അവിടത്തെ അധ്യാപകർ മഹാരാജാസ് കോളേജ് അധികൃതരെ സമീപിച്ചപ്പോഴാണ് രേഖകൾ വ്യാജമാണെന്ന് തെളിഞ്ഞത്.
തുടർന്ന് ജോലിക്കായി വ്യാജരേഖ ചമച്ച കേസിൽ കെ വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. വഞ്ചിക്കണം എന്ന ഉദ്ദേശത്തോടെ വ്യാജരേഖ ഉണ്ടാക്കിയതിനാണ് കേസ്. ഏഴ് വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്
എന്നാൽ വിദ്യയ്‌ക്കെതിരെ വേറെയും പരാതികൾ ഉയരുന്നുണ്ട്. വിദ്യ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ പി.എച്ച്.ഡി. നിയമനം നേടിയത് സംവരണം അട്ടിറിച്ചാണെന്ന് കണ്ടെത്തി. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല എസ്സി/എസ്ടി സെൽ സംവരണം അട്ടിമറിച്ചെന്നാണ് കണ്ടെത്തൽ.
Discussion about this post