തിരുവനന്തപുരം: മധ്യപ്രദേശിൽ തീവ്രവലതുസംഘടനയായ ബജ്രംഗ് സേന കോൺഗ്രസിൽ ലയിച്ചതിനെ പരിഹസിച്ച് മന്ത്രി വി.ശിവൻകുട്ടി. ”ആ ലയിച്ച സംഘടനയുടെ പേരെന്താന്നോ…?ബജ്രംഗ് സേന. വർഗീയതയുമായി കടുത്ത പോരാട്ടത്തിലാണ് അവർ…” മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഭോപ്പാലിൽ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ബജ്രംഗ് സേന കോൺഗ്രസിൽ ലയിച്ചത്.
ഹനുമാൻ വേഷം കെട്ടിയ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത റാലിയും ലയന ചടങ്ങിന്റെ ഭാഗമായി നടന്നു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിലാണ് ബജ്രംഗ് സേന കോൺഗ്രസിൽ ചേർന്നിരിക്കുന്നത്. മധ്യപ്രദേശിലെ മുതിർന്ന ബിജെപി നേതാവും ബജ്രംഗ് സേന കൺവീനറുമായ രഘുനന്ദൻ ശർമ്മ രാജിവച്ച് കോൺഗ്രസിൽ അംഗത്വമെടുത്തു.
ഇനി മുതൽ കോൺഗ്രസിന്റേയും കമൽനാഥിന്റേയും ആശയങ്ങളെ സ്വീകരിക്കുകയാണെന്ന് ബജ്രംഗ് സേന ദേശീയ പ്രസിഡന്റ് രൺവീർ പടേരിയ പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സർക്കാരിനെ താഴെയിറക്കി കോൺഗ്രസിനെ അധികാരത്തിലെത്തിക്കുമെന്നും രൺവീർ പറയുന്നു.
Discussion about this post