റായ്പൂർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ. ബിജാപൂർ ജില്ലയിലെ അതിർത്തി മേഖലയോട് ചേർന്നുള്ള വനപ്രദേശത്താണ് ഏറ്റുമുട്ടൽ. കമ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാ സേന വളഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.
ഉച്ചയോടെയായിരുന്നു ഇവിടെ ഏറ്റുമുട്ടൽ ആരംഭിച്ചത്. വനത്തിനുള്ളിൽ കമ്യൂണിസ്റ്റ് ഭീകരർ പതിയിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവിടെ എത്തിയതായിരുന്നു സുരക്ഷാ സേന. കോബ്രയുടെയും, സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെയും സംയുക്ത സംഘമാണ് പ്രദേശത്ത് എത്തിയത്. തുടർന്ന് ഭീകരർക്കായി പരിശോധന ആരംഭിച്ചു. ഇതിനിടെ ഭീകര സംഘം സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
ഇതോടെ സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. ഇതിൽ ഭീകരരുടെ ഭാഗത്ത് ആൾനാശം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. വെടിയൊച്ചയും സ്‌ഫോടനത്തിന്റെ ശബ്ദവും ഇപ്പോഴും കേൾക്കുന്നതായാണ് പോലീസ് പറയുന്നത്. ഏറ്റുമുട്ടൽ അവസാനിച്ച ശേഷം പ്രദേശത്ത് സുരക്ഷാ സേന പരിശോധന നടത്തും. ബസ്തർ ഐജി പി സുന്ദരരാജും സംഘവും വനത്തിന് പുറത്ത് തമ്പടിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പ്രദേശത്ത് ഭീകരർ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് രണ്ട് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് സുരക്ഷാ സേന എത്തിയത്. പരിക്കേറ്റ രണ്ട് ജവാന്മാരും അപകടനില തരണം ചെയ്തു.
Discussion about this post