ആലപ്പുഴ: ആറ് വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി മഹേഷിന്റെ ആരോഗ്യനില അതീവ ഗുരുതരം. ആരോഗ്യനില മോശമായതോടെ മഹേഷിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ വെെകീട്ടോടെയായിരുന്നു മഹേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കേസിൽ അറസ്റ്റിലായ മഹേഷിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തിരുന്നു. ഇതേ തുടർന്ന് മാവേലിക്കര സബ് ജയിലിലാണ് മഹേഷിനെ എത്തിച്ചത്. ഇവിടെ വച്ച് കഴുത്തിലും കയ്യിലും ബ്ലേഡ് കൊണ്ട് മുറിച്ച് ജീവനൊടുക്കാൻ പ്രതി ശ്രമിക്കുകയായിരുന്നു. മഹേഷിനെ സെല്ലിലേക്ക് മാറ്റുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയായിരുന്നു പോലീസ് ഉദ്യോഗസ്ഥർ. ഇതിനിടെ ജയിൽ സൂപ്രണ്ടിന്റെ ഓഫീസിൽ എത്തിച്ചപ്പോഴായിരുന്നു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അവിടെയുണ്ടായിരുന്ന പേപ്പർ മുറിക്കുന്ന കത്തികൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പുകൾ മുറിക്കുകയായിരുന്നു. ഉടനെ മഹേഷിനെ ആശുപത്രിയിൽ എത്തിച്ചു.
കഴിഞ്ഞ ദിവസമാണ് മഹേഷ് ആറ് വയസ്സുകാരി നക്ഷത്രയെ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. ഏറെ നാളായി മഹേഷിന് മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇതാണ് കൊലയിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്.
Discussion about this post