പാലക്കാട്: വടക്കഞ്ചേരിയിൽ എഐ ക്യാമറ ഘടിപ്പിച്ച പോസ്റ്റ് കാർ ഇടിച്ച് തെറിപ്പിച്ചു. വടക്കഞ്ചേരി ആയക്കാട് രാത്രിയോടെയായിരുന്നു സംഭവം. മനപ്പൂർവ്വം ഇടിച്ച് വീഴ്ത്തിയതാണെന്നാണ് അധികൃതർ സംശയിക്കുന്നത്.
11 മണിയോടെയായിരുന്നു സംഭവം. അതുവഴി പോയ കാർ പോസ്റ്റിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. ഇതോടെ ക്യാമറ സ്ഥാപിച്ച പോസ്റ്റ് നിലത്തേക്ക് വീണു. ഇടിച്ച വാഹനം നിർത്താതെ അവിടെ നിന്നും പോകുകയായിരുന്നു. ക്യാമറയും പോസ്റ്റും സമീപത്തെ തെങ്ങിൻ തോപ്പിൽ നിന്നാണ് കണ്ടെടുത്തത്. പോസ്റ്റ് നിലത്ത് വീണ ശേഷം തെങ്ങിൻതോപ്പിൽ എത്തിച്ചതാകാമെന്നാണ് സംശയിക്കുന്നത്.
സംഭവത്തിൽ വടക്കഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു. ഇടിച്ച വാഹനത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. വീഴ്ചയിൽ ക്യാമറകൾ തകർന്നിട്ടുണ്ട്.
Discussion about this post