ആലപ്പുഴ: മാവേലിക്കരയിൽ അച്ഛൻ അതിക്രൂരമായി കൊലപ്പെടുത്തിയ നക്ഷത്രയുടെ അമ്മ വിദ്യയുടെ മരണവും കൊലപാതകമാണെന്ന സംശയമുയർത്തി മാതാപിതാക്കളും ബന്ധുക്കളും. 2019 ജൂൺ നാലിനാണ് വിദ്യയെ ശ്രീമഹേഷിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യയുടെ മുഖത്ത് അടിയേറ്റ പാടുകൾ ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പോലീസിനും പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം. 2013 ഒക്ടോബർ 17നായിരുന്നു വിദ്യയും ശ്രീമഹേഷും തമ്മിലുള്ള വിവാഹം.
ഗൾഫിൽ നഴ്‌സാണെന്ന് പറഞ്ഞാണ് വിദ്യയെ ശ്രീമഹേഷ് വിവാഹം ചെയ്യുന്നത്. 101 പവനും പണവും സ്ത്രീധനമായി വാങ്ങുകയും ചെയ്തു. പിന്നാലെ ഗൾഫിൽ പോയ ശ്രീമഹേഷ് ഒരു വർഷത്തിനകം തിരിച്ചെത്തി. പിതാവിന്റെ ആശ്രിത പെൻഷൻ ഉപയോഗിച്ചാണ് ഇയാൾ കഴിഞ്ഞിരുന്നത്. കടുത്ത മദ്യപാനിയായ ശ്രീമഹേഷ് പലപ്പോഴും മദ്യലഹരിയിൽ വിദ്യയെ ക്രൂരമായി മർദ്ദിക്കുമായിരുന്നു. പലപ്പോഴും ചികിത്സ തേടിയിരുന്നെങ്കിലും നാണക്കേട് പേടിച്ചാണ് അന്ന് പരാതിപ്പെടാതിരുന്നതെന്നാണ് മാതാപിതാക്കൾ പറയുന്നത്.
വിദ്യയെ കാണാനില്ലെന്ന് പറഞ്ഞാണ് ശ്രീമഹേഷിന്റെ ഒരു ബന്ധു വിദ്യയുടെ വീട്ടിലേക്ക് സന്ദേശം അയക്കുന്നത്. ഉടനെ തന്നെ വീട്ടിലെത്തിയപ്പോൾ അമ്മ സുനന്ദയെ മുറിയിൽ പൂട്ടി ഇട്ടിരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അടുക്കളയോട് ചേർന്നുള്ള ഭാഗത്ത് വിദ്യയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുന്നത്. അമ്മയുടെ മരണശേഷം വിദ്യയുടെ വീട്ടിലായിരുന്നു നക്ഷത്ര. ഇടയ്ക്കിടെ ശ്രീമഹേഷ് കാണാൻ വന്നിരുന്നു. പിന്നീട് മകളെ താൻ വളർത്താമെന്ന് ശാഠ്യം പിടിച്ച് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു, ഇതിനിടെ നക്ഷത്രയുടെ പേരിൽ വിദ്യയുടെ മാതാപിതാക്കൾ സ്ഥിരനിക്ഷേപം നടത്തി. ഈ പണം വാങ്ങാൻ ശ്രീമഹേഷ് പല തവണ ശ്രമിച്ചെങ്കിലും വിദ്യയുടെ കുടുംബം വഴങ്ങാതിരിക്കുകയായിരുന്നു.
Discussion about this post