തിരുവനന്തപുരം: എസ്എഫ്‌ഐയുടെ യുയുസി ആൾമാറാട്ടത്തിൽ കാട്ടാക്കട ക്രിസ്ത്യൻ കോളേജിനെതിരെ കർശന നടപടിയുമായി കേരള സർവ്വകലാശാല. സംഭവത്തിൽ കോളേജിന് സർവ്വകലാശാല പിഴയിട്ടു. 1,55,938 രൂപ പിഴയായി ഒടുക്കണം എന്നാണ് സർവ്വകലാശാല നൽകിയിരിക്കുന്ന നിർദ്ദേശം.
യുയുസിമാരുടെ പേര് നൽകിയതിൽ ആൾമാറാട്ടം നടന്നതായി വ്യക്തമായതിനെ തുടർന്ന് സർവ്വകലാശാല തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കേണ്ടിവന്നിരുന്നു. ഇതുവഴി വലിയ ധനനഷ്ടമാണ് സർവ്വകലാശാലയ്ക്കുണ്ടായത്. ഈ തുകയാണ് കാട്ടാക്കട കോളേജിൽ നിന്നും പിഴയായി ഈടാക്കുന്നത്.
ആൾമാറാട്ട കേസിൽ കോളേജിനെതിരെ നടപടി സ്വീകരിക്കുമെന്ന് നേരത്തെ സർവ്വകലാശാല വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിൻഡിക്കേറ്റ് യോഗം ചേർന്ന് ചർച്ച നടത്തുകയും ചെയ്തിരുന്നു. ഈ യോഗത്തിലാണ് കോളേജിൽ നിന്നും പിഴ ഈടാക്കാൻ തീരുമാനിച്ചത്.
അതേസമയം തിരഞ്ഞെടുപ്പിൽ വിജയിച്ച 183 കോളേജുകളിൽ നിന്നുള്ള 39 യുയുസിമാരെ അയോഗ്യരാക്കിയിട്ടുണ്ട്. സിൻഡിക്കേറ്റ് യോഗത്തിലായിരുന്നു ഇതുമായി ബന്ധപ്പെട്ട തീരുമാനവും.
Discussion about this post