എറണാകുളം: അദ്ധ്യാപക നിയമനത്തിനായി മഹാരാജാസ് കോളേജിന്റെ പേരിൽ എസ്എഫ്‌ഐ വനിതാ നേതാവ് വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് നിർമ്മിച്ച കേസിൽ ഒളിച്ച് കളിച്ച് പോലീസ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും വിദ്യയെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണത്തിൽ ഒത്തുകളിയുണ്ടെന്ന ആക്ഷേപവും ഇതിനോടകം തന്നെ ശക്തമായി ഉയർന്നു കഴിഞ്ഞു.
വിദ്യയുടെ ഒളിത്താവളത്തെക്കുറിച്ച് സൂചന പോലും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നത്. ഇതേ തുടർന്ന് വിദ്യയുടെ ഒളിതാവളം കണ്ടെത്താൻ സൈബർ പോലീസിന്റെ സഹായം തേടിയതായും പോലീസ് അറിയിച്ചിട്ടുണ്ട്. ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ വിദ്യ ഫോണിൽ ബന്ധപ്പെടുന്നുണ്ടോയെന്ന കാര്യമാണ് സൈബർ പോലീസ് പരിശോധിക്കന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ പോലീസ് വിദ്യയുടെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ വ്യാജ രേഖയുടെ യഥാർത്ഥ പതിപ്പ് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വിദ്യയെക്കുറിച്ച് ഒരു വിവരവുമില്ല. ഇത് അന്വേഷണത്തിന്റെ മുന്നോട്ട് പോക്കിനെ ബാധിക്കുന്നുണ്ട്. ഈ സ്ഥിതി തുടർന്നാൽ അന്വേഷണം അട്ടിമറിയ്ക്കപ്പെടുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
അതേസമയം കേസിൽ വിദ്യ വ്യാജ സർട്ടിഫിക്കേറ്റുമായി ചെന്ന അഗളി കോളേജിലെ പ്രിൻസിപ്പാളിന്റെ മൊഴി പോലീസ് രേഖപ്പെടുത്തും. നാളെ അട്ടപ്പാടിയിൽ എത്തിയാകും പ്രിൻസിപ്പാളിൽ നിന്നും വിവരങ്ങൾ തേടുക.
Discussion about this post