എറണാകുളം: അദ്ധ്യാപക നിയമനത്തിനായി എസ്എഫ്‌ഐ നേതാവ് കെ. വിദ്യ സമർപ്പിച്ച എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് വ്യാജം തന്നെയെന്ന് വ്യക്തമാക്കി മഹാരാജാസ് കോളേജ് വൈസ് പ്രിൻസിപ്പാൾ ബിന്ദു ഷർമിള. സംഭവവുമായി ബന്ധപ്പെട്ട് കോളേജിൽ എത്തി പോലീസ് തെളിവെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ബിന്ദു ഷർമിളയുടെ പ്രതികരണം.
വിദ്യ ഹാജരാക്കിയ സർട്ടിഫിക്കേറ്റ് പരിശോധിച്ചതിൽ നിന്നും വ്യാജമാണെന്ന് കണ്ടെത്തി. വിദ്യ അദ്ധ്യാപക നിയമനത്തിനായി സമർപ്പിച്ച രേഖയിലെ സെക്ഷൻ നമ്പർ തെറ്റാണ്. സർട്ടിഫിക്കേറ്റിൽ പതിപ്പിച്ചിട്ടുള്ള സീലിലും വ്യത്യാസമുണ്ട്. വിദ്യ നൽകിയ സർട്ടിഫിക്കേറ്റിലെ സീലിൽ ഉള്ളത് കോളേജ് ഇഷ്യൂ ചെയ്യുന്നത് അല്ല. കഴിഞ്ഞ പത്ത് വർഷമായി മലയാളം വിഭാഗത്തിൽ ഗസ്റ്റ് ലച്ചറെയും നിയമിച്ചിട്ടില്ല. വിദ്യയ്ക്ക് എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് കോളേജിൽ നിന്നും ഇഷ്യൂ ചെയ്തിട്ടില്ല. കോളേജിൽ നിന്നും ലഭിച്ച മറ്റൊരു സർട്ടിഫിക്കേറ്റ് ഉപയോഗിച്ചാണ് വിദ്യ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് സംശയിക്കുന്നത് എന്നും ബിന്ദു ഷർമിള വ്യക്തമാക്കി.
രാവിലെയോടെയായിരുന്നു പോലീസ് സംഘം തെളിവെടുപ്പിനായി കോളേജിൽ എത്തിയത്. ഡി വൈ എസ് പി എൻ മുരളീധരന്റെ നേതൃത്വത്തിലുള്ള അഗളി പോലീസിന്റെ സംഘമായിരുന്നു എത്തിയത്. രേഖകൾ പരിശോധിച്ച പോലീസ് വൈസ് പ്രിൻസിപ്പൽ, മുൻ വൈസ് പ്രിൻസിപ്പൽ ജയ മോൾ, മലയാളം വിഭാഗം അദ്ധ്യാപകൻ മുരളി എന്നിവരുടെ മൊഴി രേഖപ്പെടുത്തി.
Discussion about this post