പ്രമേഹമാണ് ഈ ലോകത്തിലെ ഏറ്റവും മോശം രോഗമെന്നത് പ്രമേഹരോഗികളുടെ സ്ഥിരം ഡയലോഗാണ്. മറ്റേത് രോഗത്തേക്കാളും ഭക്ഷണ കാര്യത്തില്‍ കടുത്ത നിയന്ത്രണം വരുത്തിയില്ലെങ്കില്‍ പ്രമേഹം അതിന്റെ ശരിക്കും മുഖം കാണിക്കുമെന്നതാണ് അതിനുള്ള കാരണം. ഭക്ഷണത്തില്‍ കൃത്യമായ കണിശത പുലര്‍ത്തിയാലോ വല്യ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാതെ പ്രമേഹം അടങ്ങിയിരിക്കും. പ്രമേഹരോഗികള്‍ ഒഴിവാക്കേണ്ടതായ ഭക്ഷണങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. മധുരമുള്ളവ മാത്രമല്ല, ചോറ്, ഗോതമ്പ്, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ തുടങ്ങി പലതും ഈ ലിസ്റ്റില്‍ ഉള്‍പ്പെടും.
പക്ഷേ, പാല്‍ ഇതില്‍പ്പെടുമോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമാണ്. പ്രോട്ടീന്‍, കാല്‍സ്യം, ആരോഗ്യദായകമായ കൊഴുപ്പ്, മറ്റ് അവശ്യ പോഷകങ്ങള്‍ എന്നിവയുടെയെല്ലാം കലവറയായ പാല്‍ സമീകൃതാഹാരമെന്ന നിലയില്‍ ആഹാരത്തില്‍ വളരെ പ്രധാന്‌യമര്‍ഹിക്കുന്ന ഒന്നാണ്. എങ്കിലും മെറ്റബോളിക് തകരാറുകള്‍ ഉള്ള ആളുകള്‍ ദിവസവും പാല്‍ ഉപയോഗിക്കണമോ എന്ന കാര്യത്തില്‍ ഏറെക്കാലമായി ഒരു തര്‍ക്കം നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഒരു തീരുമാനമായിട്ട് പാല്‍ കുടിക്കാമെന്ന് കരുതുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുണ്ട്. പാലും പാലുല്‍പ്പന്നങ്ങളും, പ്രത്യേകിച്ച് പുളിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ പ്രമേഹമുണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് ഒരു സമീപകാല പഠനം പറയുന്നത്. മാത്രമല്ല, മെറ്റബോളിക് തകരാറുകളില്‍ നിന്നും പൊണ്ണത്തടിയില്‍ നിന്നും പാലുല്‍പ്പന്നങ്ങള്‍ പരിരക്ഷ നല്‍കുമെന്നും ഈ പഠനം അഭിപ്രായപ്പെടുന്നു. അപ്പോള്‍ പിന്നെ പ്രമേഹത്തില്‍ നിന്നും രക്ഷ നേടാന്‍ ദിവസവും ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നതില്‍ പ്രശ്‌നമൊന്നും ഇല്ല.
പാല് പ്രമേഹത്തെ അകറ്റുമോ?
പാലുകൊണ്ടുള്ള ആരോഗ്യഗുണങ്ങളും ദോഷങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണിത്. പശുവിന്‍ പാല്‍ ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് ഒരു വിഭാഗം പറയുമ്പോള്‍, ടൈപ്പ് 2 പ്രമേഹത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് പാലാണെന്ന് മറുവിഭാഗം വാദിക്കുന്നു. എന്തായാലും 27ഓളം രാജ്യങ്ങളില്‍ നിന്നുള്ളവരെ പങ്കെടുപ്പിച്ച് നടത്തിയ ഒരു പഠനത്തില്‍ പാല്‍ പ്രമേഹമുണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് കണ്ടെത്തിയത്. പ്രമേഹം ഇല്ലാത്ത ആളുകളെ ഏതാണ്ട് 10-15 വര്‍ഷക്കാലമാണ് ഇതിന്റെ ഭാഗമായി നിരീക്ഷിച്ചത്. സ്ഥിരമായി പാല്‍ ഉപയോഗിച്ചവരില്‍ പിന്നീട് പ്രമേഹമുണ്ടാകാനുള്ള സാധ്യത കണ്ടെത്തുകയായിരുന്നു പഠനലക്ഷ്യം. പാല്‍, മറ്റ് പാല്‍ ഉല്‍പ്പന്നങ്ങള്‍, തൈര്, വെണ്ണ,ചീസ് പോലുള്ള പുളിപ്പിച്ച പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ സ്ഥിരമായി ഉപയോഗിച്ചവരില്‍ പുതിയതായി പ്രമേഹം വരുന്നത് കുറവാണെന്നാണ് പഠനം കണ്ടെത്തിയത്.
ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണ്. എങ്കിലും പാലും പാലുല്‍പ്പന്നങ്ങളും മെറ്റബോളിക് പ്രശ്‌നങ്ങള്‍ക്ക് ഹാനികരമാണെന്ന വാദത്തിന് കൂടുതല്‍ തെളിവുകള്‍ ആവശ്യമാണെന്നതിനാല്‍ കാല്‍സ്യത്തിന്റെയും പ്രോട്ടീനിന്റെയും മികച്ച സ്രോതസ്സ് എന്ന നിലയില്‍ പാലിനെ അകറ്റിനിര്‍ത്തേണ്ട കാര്യമില്ല, പ്രത്യേകിച്ച് കുട്ടികളും സ്ത്രീകളും.
Discussion about this post