മലപ്പുറം; കേരളത്തിലെ മാദ്ധ്യമപ്രവർത്തകർ ശമ്പളം വാങ്ങി കളവെഴുതുകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘൻ. കേരളത്തിൽ ഇടതുപക്ഷത്തെ തകർക്കാനുളള രാഷ്ട്രീയ ചേരിയുടെ നേതാവ് ഞങ്ങളാണ് എന്ന് വരുത്താൻ ചില മാദ്ധ്യമങ്ങൾ ശ്രമിക്കുന്നുണ്ട്. അവരുടെ സ്റ്റുഡിയോയിൽ ഇരുന്ന് തകർക്കാൻ കഴിയുന്ന ഒരു പാർട്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടി എന്ന് കരുതരുതെന്നും എ വിജയരാഘവൻ പറഞ്ഞു.
മലപ്പുറത്ത് ഇഎംഎസിന്റെ ലോകം സെമിനാറിൽ സംസാരിക്കുകയായിരുന്നു വിജയരാഘവൻ. ആരുടെ പണം വാങ്ങിയാണ് കമ്യൂണിസ്റ്റുകാർക്ക് എതിരായി കളവ് എഴുതുന്നതെന്ന് അറിയാം. ഞാൻ മാദ്ധ്യമപ്രവർത്തകനാണ് എന്റെ മൗലിക അവകാശം കമ്യൂണിസ്റ്റ് പാർട്ടിക്കെതിരായി കളവ് എഴുതലാണ്. ആ മൗലിക അവകാശത്തിന് വേണ്ടി ഏത് ബുദ്ധിജീവിയുടെ പിന്തുണയുമായി ഇറങ്ങിയാലും കേരളം അംഗീകരിക്കില്ല.
ആരാണ് ഈ മാദ്ധ്യമങ്ങളുടെ മുതലാളിമാരെന്ന് എല്ലാവർക്കും അറിയാം. കളവെഴുതുക, അത് ആവർത്തിച്ചുകൊണ്ടിരിക്കുക, എന്നിട്ട് അതിന്റെ പേരിൽ ചർച്ച നടത്തുക. ആർഷോ വിഷയത്തിൽ നടന്നത് സ്വബോധമുളള മലയാളിക്ക് മാനക്കേടുണ്ടാക്കുന്ന മാദ്ധ്യമപ്രവർത്തനമെന്നും വിജയരാഘവൻ ആരോപിച്ചു.
പരീക്ഷ എഴുതാത്ത ഒരു കുട്ടിയുടെ മാർക്ക് ലിസ്റ്റിൽ എല്ലാ വിഷയത്തിനും പൂജ്യം മാർക്ക്. അതിൽ തെറ്റായി പാസ്ഡ് എന്നൊരു സീൽ അടിച്ചാൽ അംഗീകരിക്കുമോ?. അത് അംഗീകരിക്കുന്ന ഒരേ ഒരു കൂട്ടർ കേരളത്തിലെ സ്റ്റുഡിയോയിൽ ഇരിക്കുന്ന മാദ്ധ്യമപ്രവർത്തകരാണ്. അവർക്ക് പ്രോത്സാഹനം നൽകി ഒപ്പം നിൽക്കുന്നത് കേരളത്തിലെ പ്രതിപക്ഷമാണെന്നത് അതിനെക്കാൾ നാണക്കേടാണെന്നും ആർഷോ വിഷയത്തിൽ സംഭവിച്ചതിനെ ന്യായീകരിച്ച് വിജയരാഘവൻ പറഞ്ഞു.
Discussion about this post