തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. അനീഷ് മുഹമ്മദ്, നിതിൻ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ഇൻസ്‌പെക്ടർമാരാണ്. ഡി.ആർ ഐയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
രണ്ട് ദിവസം മുൻപ് തിരുവനന്തപുരം വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച നാലുകിലോ സ്വർണം പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിലായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവർക്കും പങ്കുണ്ടെന്ന് വ്യക്തമാകുകയായിരുന്നു. കൊച്ചിയിലെ ഓഫീസിലേക്ക് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഇരുവരെയും ഡിആർഐ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സ്വർണക്കടത്തിന് പ്രേരിപ്പിച്ചത് അനീഷ് മുഹമ്മദെന്ന് അറസ്റ്റിലായ നിതിൻ ഡിആർഐ അന്വേഷണ സംഘത്തിന് മൊഴി നൽകി. ഒരു കിലോ സ്വർണം കടത്തിയാൽ കമ്മീഷനായി കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് അറുപതിനായിരം രൂപ മുതൽ ഒരു ലക്ഷം വരെയാണ് ലഭിച്ചിരുന്നത്.എന്നാൽ നിതിന് ഇതുവരെ പ്രതിഫലം ലഭിച്ചിട്ടില്ല. കടത്ത് സംഘം പുറത്തുവിട്ട ശബ്ദരേഖകളും ചാറ്റുകളുമാണ് സ്വർണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കുരുക്കായത്.
Discussion about this post