കൊച്ചി: മിനി കൂപ്പർ വിവാദത്തിൽ സിഐടിയും നേതാവ് അനിൽകുമാറിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ഇയാളുടെ അംഗത്വം റദ്ദാക്കാൻ സിപിഎം തീരുമാനിച്ചു. സിഐടിയു സംസ്ഥാന നേതൃപദവികളിൽ നിന്ന് അനിൽകുമാറിനെ മാറ്റാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയിൽ നിന്നു തന്നെ പുറത്താക്കിയെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
സ്‌പോർട്‌സ് കൗൺസിൽ അധ്യക്ഷ സ്ഥാനത്ത് നിന്ന് പിവി ശ്രീനിജിനെ മാറ്റാൻ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സ്‌പോർട്‌സ് കൗൺസിൽ മുൻ അദ്ധ്യക്ഷ മേഴ്‌സിക്കുട്ടനുമായുള്ള തർക്കത്തെ തുടർന്നുണ്ടായ വിവാദങ്ങളാണ് ശ്രീനിജിനെതിരെ നടപടിക്ക് കാരണമെന്നാണ് വിവരം. ഗ്രൗണ്ട് പൂട്ടിയിട്ട്, കേരള ബ്ലാസ്റ്റേഴ്‌സിന്റെ സെലക്ഷൻ ട്രയൽസ് തടഞ്ഞ് കുട്ടികൾക്കു ബുദ്ധിമുട്ടുണ്ടാക്കിയത് വൻ വിവാദത്തിന് കാരണമായിരുന്നു. സെലക്ഷൻ ട്രയൽസ് നടത്താനിരുന്ന പനമ്പള്ളി നഗറിലെ ഗ്രൗണ്ട് പി.വി.ശ്രീനിജിൻ പൂട്ടിയിടുകയായിരുന്നു. ഭക്ഷണമോ ശുചിമുറി സൗകര്യമോ ഇല്ലാതെ ട്രയൽസിനെത്തിയ കുട്ടികൾ ബുദ്ധിമുട്ടി. ജില്ലാ സ്‌പോർട്‌സ് കൗൺസിലിന് ലഭിക്കേണ്ട വാടക കുടിശിക നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു നൂറുകണക്കിന് കുട്ടികളെ ബുദ്ധിമുട്ടിച്ചുള്ള എംഎൽഎയുടെ നടപടി
അതേസമയം അനിൽ കുമാർ വിഷയത്തിൽ ആഡംബര വാഹനം വാങ്ങിയും പോരാഞ്ഞ് അത് ന്യായീകരിച്ചത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കി. ലളിത ജീവിതം നയിക്കണമെന്ന നിബന്ധന സിഐടിയു നേതാവിനും ബാധകമെന്നും സിപിഎം ജില്ലാ കമ്മറ്റി വിലയിരുത്തി. ടൊയോട്ട ഇന്നോവ, ഫോർച്യൂണർ വാഹനങ്ങൾ നേരത്തെ സ്വന്തമാക്കിയ അനിൽകുമാർ ഭാര്യയുടെ പേരിൽ വാങ്ങിയ 52 ലക്ഷം രൂപ വിലമതിക്കുന്ന മിനി കൂപ്പറാണ് വിവാദത്തിന് കാരണമായത്.തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതാവിന് സഞ്ചരിക്കാൻ മിനികൂപ്പർ എന്ന വിശേഷണവുമായാണ് അനിൽകുമാർ മിനികൂപ്പർ വാങ്ങിയ ചിത്രം സോഷ്യൽ മീഡിയയിൽ പലരും പങ്കുവെച്ചത്. തുടർന്ന് അനിൽകുമാറിനെതിരെ പലകോണുകളിൽ നിന്നും വിമർശനവും ഉയർന്നു. നേതാവിന്റെ സ്വത്ത് സമ്പാദനത്തിൽ ഉൾപ്പെടെ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം.
Discussion about this post