കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത്? എത്ര വലിയ ബുദ്ധിരാക്ഷസനായാലും മുട്ട് മടക്കുന്ന ചോദ്യമാണിത്. ഏത് കൊലകൊമ്പനും തോൽവി സമ്മതിക്കുന്ന ചോദ്യം. കുട്ടികൾക്ക് മുതൽ പണ്ഡിതന്മാർക്ക് വരെ സംശയമുള്ള ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനായി ശാസ്ത്രജ്ഞന്മാർ കിണഞ്ഞ് പരിശ്രമിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി.
കോഴിയെന്നും മുട്ടയെന്നും വാദങ്ങളുണ്ടെങ്കിലും കൃത്യമായ തെളിവുകളോടെ ആ വാദത്തെ സമർത്ഥിക്കാൻ ഇന്ന് വരെ ആർക്കും സാധിച്ചിട്ടില്ല. എന്നാൽ ആ സമസ്യയ്ക്കും അവസാനം ഉത്തരം കണ്ടുപിടിച്ചിരിക്കുകയാണ് ബ്രിസ്‌റ്റോൾ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ. ജേർണൽ നേച്ചർ ഇക്കോളജി ആൻഡ് എവല്യൂഷനിൽ ഗവേഷകർ തങ്ങളുടെ കണ്ടെത്തലിനെ പറ്റി വിശദമായി വ്യക്തമാക്കിയിട്ടുമുണ്ട്.
ബ്രിസ്റ്റോൾ സർവ്വകലാശാലയിലെ ഗവേഷകരുടെ കണ്ടുപിടിത്തം അനുസരിച്ച് ആധുനിക പക്ഷികളുടെയും ഉരഗങ്ങളുടെയും ആദ്യകാല പൂർവികർ മുട്ടയിടുന്നതിനേക്കാൾ മുമ്പ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരിക്കാം എന്നാണ് പറയുന്നത്.
അമ്‌നിയോട്ടുകളുടെ അഥവാ മുട്ടയിടുന്ന നട്ടെല്ലുള്ള ജന്തുക്കളുടെ അതിജീവനത്തിന് നിർണായകമായത് കട്ടികൂടിയ തോടോടുകൂടിയുള്ള മുട്ടകളാണെന്ന നിലവിലുള്ള കണ്ടെത്തലിനെ ചോദ്യം ചെയ്യുന്നതാണ് ഈ കണ്ടെത്തൽ.യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് എർത്ത് സയൻസസിന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിൽ കടുപ്പമുള്ളതും മൃദുവായതുമായ മുട്ടയിടുന്ന 51 സ്പീഷീസുകളുടെ ഫോസിലും 29 ജീവജാലങ്ങളെയും പഠനത്തിന് വിധേയമാക്കി.
സസ്തനികൾ, ലെപിഡോസൗറിയ (പല്ലികൾ, മറ്റ് ഉരഗങ്ങൾ), ആർക്കോസൗറിയ (ദിനോസറുകൾ, മുതലകൾ, പക്ഷികൾ) എന്നിവ ഉൾപ്പെടെ അമ്‌നിയോട്ടയുടെ എല്ലാ വിഭാഗങ്ങളും വിവിപാരസ് അഥവാ പ്രസവിക്കുന്നവ ആണെന്നും അവയുടെ ശരീരത്തിൽ ഭ്രൂണങ്ങൾ ഉണ്ടായതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നു എന്നും പഠനത്തിൽ പറയുന്നു.
കട്ടിയുള്ള പുറംതൊലിയുള്ള മുട്ട പലപ്പോഴും പരിണാമത്തിലെ ഏറ്റവും നിർണായകമായ ഘട്ടം ആണെന്നും ആത്യന്തികമായി ഭ്രൂണത്തിന് സംരക്ഷണം നൽകാണാണ് ഇതെന്നും ഗവേഷണത്തിൽ സൂചിപ്പിക്കുന്നു.
Discussion about this post