തൃശ്ശൂർ: അത്താണിയിൽ ബാങ്കിൽ അതിക്രമിച്ച് കയറി ഭീതിപടർത്തി യുവാവ്. അത്താണി ഫെഡറൽ ബാങ്കിൽ വൈകീട്ടോടെയായിരുന്നു സംഭവം. വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് ആയ ലിജോ ചിരിയങ്കണ്ടത്താണ് ബാങ്കിനുള്ളിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീതിയിലാഴ്ത്തിയത്. സംഭവത്തിൽ ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
വൈകീട്ട് പെട്രോളുമായി ബാങ്കിൽ എത്തിയ ലിജോ ജീവനക്കാർക്ക് നേരെ ഭീഷണി മുഴക്കുകയായിരുന്നു. ആവശ്യപ്പെടുന്ന പണം നൽകണം എന്നായിരുന്നു ഭീഷണി. ജീവനക്കാർക്ക് മേൽ ഇയാൾ പെട്രോൾ ഒഴിക്കുകയും ചെയ്തു. സംഭവ സമയം നിരവധി പേരാണ് ബാങ്കിൽ ഉണ്ടായിരുന്നത്.
ജീവനക്കാരും നാട്ടുകാരും ചേർന്നാണ് ലിജോയെ കീഴ്‌പ്പെടുത്തിയത്. തുടർന്ന് വടക്കാഞ്ചേരി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി ഇയാളെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. സാമ്പത്തിക പ്രശ്‌നം മറികടക്കാൻ വേണ്ടിയാണ് ബാങ്കിൽ ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത് എന്നാണ് ലിജോയുടെ മൊഴി.
Discussion about this post