തിരുവനന്തപുരം; വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ എസ്എഫ്‌ഐ സംസ്ഥാന നേതൃത്വത്തെ കണ്ട് നിഖിൽ തോമസ്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ അടക്കമുള്ള നേതാക്കൾ സർട്ടിഫിക്കറ്റ് പരിശോധിച്ച് വരികയാണെന്നാണ് റിപ്പോർട്ട്. കലിംഗ യൂണിവേഴ്‌സിറ്റിയിലെ തന്റെ ബികോം സർട്ടിഫിക്കറ്റ് യഥാർത്ഥമെന്ന് നിഖിൽ നേതൃത്വത്തോട് പറഞ്ഞു. വിഷയത്തിൽ എസ്എഫ്‌ഐ നിലപാട് 11 മണിക്ക് ആർഷോ മാദ്ധ്യമങ്ങളെ അറിയിക്കും.
എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസ് കലിംഗ സർവ്വകലാശാലയുടെ ബികോം പഠിച്ചെന്നു പറയുന്ന 2019-20 കാലത്ത് എംഎസ്എം കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റായിരുന്നു. ഈ സമയത്തു കോളജിൽ തുടർച്ചയായി വരാറില്ലെങ്കിലും ഇടയ്ക്കിടെ എത്തുമായിരുന്നെന്നാണു വിദ്യാർത്ഥികൾ നൽകുന്ന വിവരം. നിഖിലിന്റെ അപേക്ഷയിൽ കലിംഗ സർവ്വകലാശാലയുടെ ബികോം സർട്ടിഫിക്കറ്റിനു കേരള സർവകലാശാല അംഗീകാരം നൽകിയത് 2022 ജനുവരി 14ന് ആണ്. നിഖിൽ എംകോം പ്രവേശനം നേടിയത് 31നും ആണെന്നാണ് വിവരം.
കേരള സർവ്വകലാശാലയിൽ ബികോം റജിസ്‌ട്രേഷൻ നിലവിലുള്ളപ്പോഴാണ് നിഖിൽ കലിംഗ സർവകലാശാലയുടെ സർട്ടിഫിക്കറ്റ് ഉപയോഗിച്ചു പ്രവേശനം നേടിയത്.ഒരേ സമയം രണ്ടു സർവ്വകലാശാലകളിൽ ഒരേ കോഴ്‌സിനു റജിസ്‌ട്രേഷൻ നിലനിർത്താൻ ചട്ടങ്ങൾ അനുവദിക്കുന്നില്ല. ഒരിടത്തു പഠനം അവസാനിപ്പിച്ചാൽ ടിസി വാങ്ങിയല്ലാതെ മറ്റൊരിടത്തു ചേരാനും കഴിയില്ല എന്നതാണ് ചട്ടം.
അതേസമയം നിഖിൽ തോമസിൻറെ വ്യാജ ഡിഗ്രി വിവാദത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ കായംകുളം എംഎസ്എം കോളേജ് പ്രിന്‌സിപ്പലിൻറെ മൊഴി നിഖിൽ തോമസ് രേഖപ്പെടുത്തും. കെഎസ്യു ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് നടപടി.
Discussion about this post