തിരുവനന്തപുരം: എസ്എഫ്‌ഐ നേതാവായ നിഖിൽ തോമസ് റായ്പൂരിലെ കലിംഗ സർവ്വകലാശാലയിൽ പഠിച്ചിട്ടില്ലെന്ന് സർവ്വകലാശാല രജിസ്ട്രാർ വ്യക്തമാക്കിയ സാഹചര്യത്തിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിന് പോലീസിൽ പരാതി നൽകുമെന്ന് കേരള സർവ്വകലാശാല വിസി. കോളജിനെതിരെയും നടപടി സ്വീകരിക്കുമെന്നും അതേ കോളജിൽ ഡിഗ്രിക്ക് പഠിച്ച് തോറ്റ ശേഷമാണ് നിഖിൽ വിജയിച്ചുവെന്ന് പറഞ്ഞ് കലിംഗയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നതെന്നും വിസി മോഹൻ കുന്നുമ്മൽ ചൂണ്ടിക്കാട്ടി.
വ്യാജ രേഖ നിർമിക്കുന്നത് പോലീസ് കേസാണ്. നിഖിലിന്റെ സർട്ടിഫിക്കറ്റ് സർവ്വകലാശാല തന്നെ വ്യാജമാണെന്ന് പറഞ്ഞ സ്ഥിതിക്ക് പോലീസിനെ അറിയിക്കും. കോളജ് അത് തിരിച്ചറിഞ്ഞില്ലെന്നതും കുറ്റകരമാണെന്ന് വി.സി പറഞ്ഞു.
2017 ൽ പ്ലസ് ടു പാസായ ശേഷം 2017 -20 വർഷത്തിലാണ് എംഎസ്എഫിൽ ബികോമിന് പഠിച്ചത്. എന്നാൽ ബികോമിന് പരാജയപ്പെട്ടതിനെ തുടർന്ന് നിഖിൽ അതേ കാലയളവിൽ കലിംഗ സർവ്വകലാശാലയിൽ ബികോം ഓണേഴ്‌സ് ബാങ്കിംഗ് ആൻഡ് ഫിനാൻസ് കോഴ്‌സ് ചെയ്തതായും വിജയിച്ചതായും കാണിച്ച് സർട്ടിഫിക്കറ്റ് ഹാജരാക്കി എംകോമിന് പ്രവേശനം നേടുകയായിരുന്നു. 2019 -20 കാലത്ത് എസ്എഫ്‌ഐയുടെ എംഎസ്എം കോളജിലെ യൂണിറ്റ് പ്രസിഡന്റ് ആയിരുന്നു നിഖിൽ തോമസ്.
എംഎസ്എം കോളജിൽ നിഖിലിന് 75 ശതമാനം ഹാജർ ഉണ്ടായിരുന്നു. സ്റ്റേറ്റ് പ്രൈവറ്റ് സർവ്വകലാശാലയാണ് കലിംഗ. സർക്കാരിന്റെ കുറച്ച് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുന്ന സർവ്വകലാശാലകളാണ് ഇതെന്നും വിസി ചൂണ്ടിക്കാട്ടി.
കോളജിന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. ആ കോളജിൽ ബികോം തോറ്റ വിദ്യാർത്ഥിയാണ്. അവിടെ തന്നെ പഠിച്ച് തോറ്റ വിദ്യാർത്ഥി ബികോം ജയിച്ചതായി ഒരു സർട്ടിഫിക്കറ്റ് കാണിക്കുമ്പോൾ അവർ എന്തുകൊണ്ട് പരിശോധിച്ചില്ലെന്നത് മനസിലാകുന്നില്ലെന്ന് വിസി പറഞ്ഞു. കലിംഗയിലും പഠിക്കാൻ കായംകുളത്ത് നിന്നും റായ്പൂരിലേക്ക് വിമാനം ഒന്നും ഇല്ലല്ലോ എന്നായിരുന്നു രാവിലെ വാർത്താസമ്മേളനത്തിൽ വിസിയുടെ വാക്കുകൾ.
സർവ്വകശാലയുടെ പ്രതിച്ഛായ നശിപ്പിക്കാൻ ഒരുകാരണവശാലം സമ്മതിക്കില്ല. നാക് അക്രഡിറ്റേഷനിൽ എ ഡബിൾ പ്ലസുളള സർവ്വകലാശാലയാണ്. അത് നശിപ്പിക്കാൻ ഒറ്റപ്പെട്ട ആളുകൾ വിചാരിച്ചാൽ സമ്മതിക്കില്ലെന്നും വിസി പറഞ്ഞു.
Discussion about this post