ആലപ്പുഴ: എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന്റെ അഡ്മിഷന് വേണ്ടി സിപിഎം നേതാവ് ഇടപെട്ടിരുന്നതായി എംഎസ്എം കോളേജ് മാനേജർ ഹിലാൽ ബാബു. അദ്ദേഹത്തിന്റെ ശുപാർശ പ്രകാരമാണ് നിഖിന് അഡ്മിഷൻ നൽകിയത്. സർട്ടിഫിക്കേറ്റ് വ്യാജമാണെന്ന കാര്യം അറിയില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
നിഖിലിന് കോളേജിൽ അഡ്മിഷൻ ലഭിക്കാൻ സിപിഎം നേതാവ് ഇടപെട്ടിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തുന്നില്ല. അത് അദ്ദേഹത്തിന് വ്യക്തിപരമായി ദോഷം ഉണ്ടാക്കും. രാഷ്ട്രീയ ഭാവിയെ ബാധിക്കും. രഹസ്യമായി പറഞ്ഞ കാര്യങ്ങൾ എന്തിന് പരസ്യമാക്കിയെന്ന് അദ്ദേഹം തന്നോട് ചോദിക്കുമെന്നും ഹിലാൽ ബാബു പറഞ്ഞു.
നിഖിലിന്റെ അഡ്മിഷന് വേണ്ടി പണം കൈപ്പറ്റിയിട്ടില്ല. ഫീസ് നൽകാതെ പാവപ്പെട്ട കുട്ടികൾക്ക് തങ്ങൾ അഡ്മിഷൻ കൊടുക്കാറുണ്ട്. അതിന് ജാതിയോ മതമോ നോക്കാറില്ല. വിദ്യാർത്ഥികൾക്കായി ക്വാട്ടകൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിഖിലിന്റെ വ്യാജ സർട്ടിഫിക്കേറ്റ് ആരോപണം കോളേജിന് അവമതിപ്പ് ഉണ്ടാക്കിയെന്ന് കരുതുന്നില്ല. ഒരു വിദ്യാർത്ഥിയ്ക്ക് അഡ്മിഷൻ നൽകുക മാത്രമാണ് ചെയ്തിട്ടുള്ളത്. സർട്ടിഫിക്കേറ്റ് വ്യാജമാണെന്ന് അറിയില്ലായിരുന്നു. അറിഞ്ഞ ശേഷം നിഖിലിനെതിരെ നടപടി സ്വീകരിച്ചു. സംഭവത്തെക്കുറിച്ച് ചർച്ച ചെയ്യാൻ അദ്ധ്യാപകരുടെ യോഗം ചേരുമെന്നും ഹിലാൽ ബാബു കൂട്ടിച്ചേർത്തു.
Discussion about this post